കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചു. ഇതോടെ പത്മകുമാര്‍ ജയില്‍ മോചിതനായി.
ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണക്കൊള്ള കേസില്‍ എസ്.ഐ.ടി. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളിക്കേസില്‍ നേരത്തേ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക കേസില്‍ ജാമ്യഹര്‍ജി നല്‍കിയത്.
ശബരിമല കട്ടളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ 2025 നവംബര്‍ 20-നാണ് പത്മകുമാര്‍ ആദ്യം അറസ്‌റ്റിലായത്. പിന്നീട് ഡിസംബര്‍ രണ്ടിന് ദ്വാരപാലക കേസിലും അറസ്‌റ്റ് രേഖപ്പെടുത്തി. ദേവസ്വം മിനുട്‌സ് ഉള്‍പ്പെടെ തിരുത്തി സ്വര്‍ണക്കൊള്ളയ്‌ക്ക് പത്മകുമാര്‍ കൂട്ടുനിന്നെന്നാണ് എസ്.ഐ.ടി. കണ്ടെത്തിയത്. കേസിലെ ഏഴു പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ ആനുകൂല്യം നേടി പുറത്തിറങ്ങുന്ന ആറാമത്തെ പ്രതിയാണ് പത്മകുമാര്‍.
ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയടക്കം അഞ്ചു പേര്‍ക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടു പേര്‍ക്ക് സാധാരണ ജാമ്യവും ലഭിച്ചു.
ഉണ്ണികൃഷ്‌ണന്‍ പോറ്റി, മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍. വാസു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്‌ഠര് രാജീവര്, തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് ലഭിച്ചത്.