മൂവാറ്റുപുഴ: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം, അങ്കമാലി-ശബരി റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിനു ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്‌ഥലം ഏറ്റെടുപ്പിനാണ് അനുമതിയായത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അങ്കമാലി - ശബരി റെയില്‍ വേയുടെ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ മൊത്തം പദ്ധതി ചെലവായ 3,800.9 കോടി രൂപയുടെ 50% കിഫ്‌ബിയുടെ സാമ്പത്തിക സഹായത്തോടെ സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു. അംഗീകൃത അലൈന്‍മെന്റ് അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാനും വേഗത്തിലാക്കാനും റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. ഈ വിവരം റെയില്‍വേ മന്ത്രാലയത്തെയും അനുബന്ധ ഓഫീസുകളെയും അറിയിച്ചു.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ല കലക്‌ടര്‍മാര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ വിസ്‌തൃതിയുടെ വിശദാംശങ്ങള്‍ നേരത്തെ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്‌ടര്‍ ഭൂമിയും കോട്ടയം ജില്ലയിലെ കൊറ്ററപ്പിള്ളി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ 119.89 ഹെക്‌ടര്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കി. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ 33.77.61 ഹെക്‌ടര്‍ ഭൂമി.
ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിയമപ്രകാരമുള്ള വിജ്‌ഞാപനങ്ങളുടെ പ്രസിദ്ധീകരണവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്‌ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്‌നമാണ് ശബരി റെയില്‍ പദ്ധതി. 111 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ശബരിപാത 1997 ലെ കേന്ദ്ര റെയില്‍വേ ബജറ്റിലാണ് പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂര്‍ത്തിയായത് അങ്കമാലിയില്‍നിന്നു കാലടിവരെ എട്ടു കിലോമീറ്റര്‍ മാത്രമാണ്. ആറു കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍ദിഷ്‌ട രാമപുരം റെയില്‍വേ സ്‌റ്റേഷന്‍ വരെയാണ് കോട്ടയം ജില്ലയില്‍ റെയില്‍വേക്കായി കല്ലിട്ടിട്ടുള്ളത്. പിഴക് വരെ റവന്യു റെയില്‍വേ സംയുക്‌ത സര്‍വേയും പൂര്‍ത്തിയാക്കി. സ്‌ഥലമെടുപ്പ് വിജ്‌ഞാപനവും പുറപ്പെടുവിച്ചു. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയില്‍വേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ നിര്‍മിക്കുക. രാമപുരം മുതല്‍ എരുമേലി സ്‌റ്റേഷന്‍ വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടത്തിയിട്ടുള്ളത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ മേലമ്പാറയിലാണ് ഈരാറ്റുപേട്ടയില്‍നിന്ന് ഏറ്റവും അടുത്ത സ്‌റ്റേഷന്‍ വരിക. ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രത്തിലേക്കും വാഗമണ്ണിലേക്കും എത്തുന്നവര്‍ക്ക് ഈ സ്‌റ്റേഷനായിരിക്കും ഏറ്റവും അനുയോജ്യം.
ഈരാറ്റുപേട്ട റോഡിലെ ചെമ്മലമറ്റത്തും സ്‌റ്റേഷന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് ജില്ലകളിലായി ആകെ 14 സ്‌റ്റേഷനുകളാകും ഉണ്ടാവുക. കോട്ടയം ജില്ലയില്‍ എരുമേലി, കാഞ്ഞിരപ്പള്ളി, ചെമ്മലമറ്റം, ഭരണങ്ങാനം, രാമപുരം, ഇടുക്കി ജില്ലയില്‍ കരിങ്കുന്നം, തൊടുപുഴ, എറണാകുളം ജില്ലയില്‍ വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, ഓടക്കാലി, പെരുമ്പാവൂര്‍, കാലടി, അങ്കമാലി എന്നിവിടങ്ങളില്‍ സ്‌റ്റേഷന്‍ ഉണ്ടാകും.