Sunday, March 15, 2026 Last Updated 18 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.44 PM

ആര്‍.എസ്‌.പിയില്‍ ഉരുള്‍പൊട്ടല്‍; ഇരവിപുരത്തിനായി കൈയാങ്കളി

കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക്‌ പ്രേമചന്ദ്രനെ ഇരവിപുരത്ത്‌ സ്‌ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ആര്‍.എസ്‌.പിയില്‍ ഉരുള്‍പൊട്ടല്‍. ആര്‍.എസ്‌.പി. ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളിയും വാക്കുതര്‍ക്കവും.
സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച്‌ രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എന്‍. നൗഷാദ്‌ യോഗത്തില്‍ എത്തിയതാണ്‌ തര്‍ക്കത്തിന്‌ കാരണമായത്‌. നൗഷാദിന്റെ രാജി പാര്‍ട്ടി സംസ്‌ഥാന നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇരവിപുരത്തേക്ക്‌ ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന പേരുകളിലൊന്നായിരുന്നു നൗഷാദിന്റേത്‌. മുതിര്‍ന്ന നേതാവും ആര്‍.എസ്‌.പി. താല്‍ക്കാലിക സംസ്‌ഥാന അധ്യക്ഷനുമായ എ.എ. അസീസ്‌ ഉള്‍പ്പടെയുള്ളവരുടെ പിന്തുണ നൗഷാദിനുണ്ടായിരുന്നു. എന്നാല്‍, സമവായ സ്‌ഥാനാര്‍ഥിയെ തീരുമാനിക്കുന്ന അവസ്‌ഥയിലേക്ക്‌ എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ട്ടിയെ എത്തിച്ചു. ഈ തീരുമാനത്തെ എന്‍. നൗഷാദ്‌ വിമര്‍ശിച്ചു.
ഈ സംഭവം നീറിപ്പുകയവെ ഇന്നലെ മണ്ഡലം കമ്മിറ്റി അംഗം ബിജു ലക്ഷ്‌മി കാന്തന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍, പരസ്യപ്രസ്‌താവന നടത്തിയ നൗഷാദിനെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കണമെന്ന്‌ ആവശ്യമുയര്‍ന്നു. തുടര്‍ന്നാണ്‌ വാക്കുതര്‍ക്കവും കൈയാങ്കളിയും ഉണ്ടായത്‌. ഒടുവില്‍ നേതൃത്വം ഇടപ്പെട്ടാണ്‌ കൈയാങ്കളി അവസാനിപ്പിച്ചത്‌. നേരത്തെ പാര്‍ട്ടിയുടെ ഭൂരിഭാഗം കൗണ്‍സില്‍ അംഗങ്ങളും കാര്‍ത്തിക്കിനെയാണ്‌ പിന്തുണച്ചത്‌. യുവാവായ കാര്‍ത്തിക്കിന്‌ മണ്ഡലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഷിബു ബേബിജോണ്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗം നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ത്തു.
പാര്‍ട്ടിയില്‍ കുടുംബവാഴ്‌ച കൊണ്ടുവരുന്നതു ഗുണം ചെയ്യില്ലെന്നും വര്‍ഷങ്ങളായി പാര്‍ട്ടിക്കായി പണിയെടുത്തവരെ അവഗണിക്കരുതെന്നുമായിരുന്നു ഇവരുടെ നിലപാട്‌.
കാര്‍ത്തിക്കിനു പകരം ആര്‍.വൈ.എഫ്‌. സംസ്‌ഥാന സെക്രട്ടറി വിഷ്‌ണു മോഹനെ സമവായ സ്‌ഥാനാര്‍ഥിയായി നേതൃത്വം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു പ്രശ്‌നം കൂടുതല്‍ വഷളായി. മണ്ഡലവുമായി നേരിട്ടു ബന്ധമില്ലാത്ത വിഷ്‌ണു മോഹനെ കെട്ടിയിറക്കിയ സ്‌ഥാനാര്‍ഥിയായാണ്‌ പ്രാദേശിക നേതാക്കള്‍ കാണുന്നത്‌. ഇരവിപുരത്ത്‌ ഇത്തരം പരീക്ഷണങ്ങള്‍ പരാജയത്തിനു കാരണമാകുമെന്ന്‌ പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു.
ഷിബു ബേബി ജോണിന്റെ ഏകാധിപത്യപരമായ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം സംസ്‌ഥാന കമ്മിറ്റി അംഗമായ സജി ഡി. ആനന്ദ്‌ പാര്‍ട്ടി വിട്ടു. വിജയസാധ്യതയില്ലാത്ത സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്‌ ആര്‍.എസ്‌.പി. ഇരവിപുരം മണ്ഡലം സെക്രട്ടറിയായിരുന്ന എന്‍. നൗഷാദ്‌ പദവി രാജിവച്ചു.
പ്രേമചന്ദ്രന്‍ പക്ഷവും ഷിബു ബേബിജോണ്‍ പക്ഷവും തമ്മിലുള്ള പോരാണ്‌ ഇരവിപുരത്ത്‌ നടക്കുന്നത്‌. ഈ ആഭ്യന്തര കലഹം യു.ഡി.എഫിനെ ശരിക്കും അലട്ടുന്നുണ്ട്‌.

Ads by Google
Wednesday 04 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google