കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പഴയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു പരുക്കേറ്റു ചികിത്സയിലായിരുന്ന ഇതരസംസ്‌ഥാന തൊഴിലാളി മരണമടഞ്ഞു. ഒഡീഷയിലെ നയാഗ്ര ഹാത്തിയ സ്വദേശി കബി നായിക്കാ(45)ണു മരണമടഞ്ഞത്. കഴിഞ്ഞ ജനുവരി 28നു രാവിലെ 11നായിരുന്നു അപകടം. കഴിഞ്ഞ ജൂലൈയില്‍ പഴയ ബ്ലോക്കിലെ ശൗചാലയ കെട്ടിടം ഇടിഞ്ഞുവീണു വീട്ടമ്മ മരിച്ചതിനോടു ചേര്‍ന്നുള്ള സ്‌ഥലത്തായിരുന്നു കബി നായിക്കും അപകടത്തില്‍പ്പെട്ടത്. രണ്ടാം വാര്‍ഡിന്റെ ടോയ്‌ലെറ്റ് മുറി പുനര്‍നിര്‍മ്മാണം നടത്തുന്നതിനിടെയാണു കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണത്. ഈ സമയം ഇതരസംസ്‌ഥാന തൊഴിലാളികളായ നാലുപേര്‍ ജോലിയിലുണ്ടായിരുന്നു.
പാളി അടര്‍ന്നു വീഴുന്നതു ശ്രദ്ധയില്‍പ്പെട്ട മൂന്നു പേര്‍ ഉച്ചത്തില്‍ നിലവിളിച്ച് ഓടി. എന്നാല്‍, കബി നായിക്കിന്റെ തലയില്‍ കോണ്‍ക്രീറ്റ് പാളി പതിച്ചു.
ഉടന്‍തന്നെ സുരക്ഷാ ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കു സാരമായി പരുക്കേറ്റ നായിക്കിനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കി. നട്ടെല്ലിനും തലയ്‌ക്കും ഗുരുതരമായി പരുക്കേറ്റതുമൂലം മെഡിക്കല്‍ കോളജില്‍തന്നെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഇന്നലെ അന്ത്യമുണ്ടായത്. മൃതദേഹം വിമാനമാര്‍ഗം ഒഡീഷയിലേക്കു കൊണ്ടുപോകും. ഭാര്യ: ഭൂല. മകള്‍: പുഷ്‌പ ഞാളി.