Monday, March 16, 2026 Last Updated 2 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
ഉണ്ണി വി.ജെ. നായര്‍
Saturday 21 Feb 2026 11.33 PM

രാഷ്‌ട്രീയ മാറ്റം കാതോര്‍ത്ത്‌ കൊല്ലം; തദ്ദേശത്തി​ന്റെ കരുത്തില്‍ യു.ഡി.എഫ്, ആധിപത്യം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്., ത്രികോണ മത്സരത്തിന് എന്‍.ഡി.എ.

ദശകങ്ങളായുള്ള എല്‍.ഡി.എഫ്‌. ഭരണം അവസാനിപ്പിച്ച്‌ യു.ഡി.എഫ്‌. കൊല്ലം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തത്‌ ജില്ലയിലെ രാഷ്‌ട്രീയ മാറ്റത്തിന്റെ പ്രധാന സൂചനയാണ്‌.
uploads/news/2026/02/826640/Kollam.jpg

നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാനിരിക്കെ കൊല്ലം ജില്ലയിലെ രാഷ്‌ട്രീയ ചിത്രം വലിയ മാറ്റങ്ങള്‍ക്കും വാശിയേറിയ പോരാട്ടങ്ങള്‍ക്കുമാണ്‌ ഇക്കുറി സാക്ഷ്യം വഹിക്കുക. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഫലങ്ങളും നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും ജില്ലയില്‍ നിര്‍ണായക വിധിയെഴുത്താകും. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റമാണ്‌ ഇതില്‍ പ്രധാനം.

ദശകങ്ങളായുള്ള എല്‍.ഡി.എഫ്‌. ഭരണം അവസാനിപ്പിച്ച്‌ യു.ഡി.എഫ്‌. കൊല്ലം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തത്‌ ജില്ലയിലെ രാഷ്‌ട്രീയ മാറ്റത്തിന്റെ പ്രധാന സൂചനയാണ്‌. കരുനാഗപ്പള്ളി ഉള്‍പ്പടെയുള്ള പ്രധാന നഗരസഭകളിലും യു.ഡി.എഫാണ്‌ ആധിപത്യം സ്‌ഥാപിച്ചത്‌. ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ്‌. ഭരണം നിലനിര്‍ത്തിയെങ്കിലും സീറ്റുകളുടെ എണ്ണം മൂന്നില്‍ നിന്ന്‌ 10 ആയി വര്‍ധിപ്പിച്ച്‌ യു.ഡി.എഫ്‌. കരുത്ത്‌ കാട്ടി. ഇതും നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ വലിയ ആത്മവിശ്വാസം നല്‍കുന്നു.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാറ്റം പ്രതീക്ഷിക്കുന്ന മണ്ഡലമായ കൊല്ലം മണ്ഡലത്തില്‍ നിലവിലെ എം.എല്‍.എയായ എം. മുകേഷിനെ വീണ്ടും മത്സരിപ്പിക്കില്ല. ഭരണവിരുദ്ധ വികാരം ശക്‌തമായതിനാല്‍ എല്‍.ഡി.എഫ്‌. ഇവിടെ ഒരു വനിതാ സ്‌ഥാനാര്‍ഥിയെയോ യുവ നേതാവിനെയോ പരിഗണിക്കാനിടയുണ്ട്‌. അഡ്വ. ബിന്ദുകൃഷ്‌ണ തന്നെയാകും യു.ഡി.എഫ്‌. നിരയില്‍ മുന്‍ഗണനയിലെങ്കിലും പുതിയൊരു സ്‌ഥാനാര്‍ഥി വരാനും സാധ്യതയുണ്ട്‌.

കരുനാഗപ്പള്ളിയില്‍ നിലവിലെ എം.എല്‍.എയായ സി.ആര്‍. മഹേഷിന്റെ മണ്ഡലത്തിലെ വ്യക്‌തിപരമായ സ്വാധീനം യു.ഡി.എഫിന്‌ അനുകൂലമാണ്‌. മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.ഐ. ഇവിടെ ശക്‌തനായ സ്‌ഥാനാര്‍ഥിയെ തിരയുകയാണ്‌.

ചവറയില്‍ ഷിബു ബേബി ജോണിന്റെ സാന്നിധ്യം നിര്‍ണായകമാണ്‌. ആര്‍.എസ്‌.പിയുടെ കരുത്ത്‌ തെളിയിക്കേണ്ട സീറ്റാണിത്‌. ഡോ. സുജിത്ത്‌ വിജയന്‍പിള്ള (എല്‍.ഡി.എഫ്‌. സ്വതന്ത്രന്‍)യാണ നിലവിലെ എം.എല്‍.എ. കുണ്ടറയില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മയെ തോല്‍പിച്ച്‌ പി.സി. വിഷ്‌ണുനാഥ്‌ നേടിയ വിജയം നിലനിര്‍ത്താന്‍ യു.ഡി.എഫ്‌. ശ്രമിക്കുന്നു. എന്നാല്‍, സി.പി.എം. ഈ സീറ്റ്‌ അഭിമാന പ്രശ്‌നമായാണ്‌ കാണുന്നത്‌. ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന ട്രഷറര്‍ എസ്‌.ആര്‍. അരുണ്‍ ബാബുവിനെ എല്‍.ഡി.എഫ്‌. ഇവിടെ സ്‌ഥാനാര്‍ഥിയാക്കാന്‍ സാധ്യതയുണ്ട്‌. ഇരവിപുരം എല്‍.ഡി.എഫിന്റെ ഉറച്ച കോട്ടയാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ യു.ഡി.എഫ്‌. വോട്ട്‌ വര്‍ധിപ്പിച്ചത്‌ നിലവിലെ എല്‍.ഡി.എഫ്‌. എം.എല്‍.എയായ എം. നൗഷാദിന്‌ ഭീഷണിയാണ്‌. എന്‍.കെ. പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക്‌ പ്രേമചന്ദ്രന്‍ ആര്‍.എസ്‌.പി. സ്‌ഥാനാര്‍ഥിയായി വന്നാല്‍ മത്സരം കൂടുതല്‍ കടുക്കും.

കേരളത്തില്‍ ബി.ജെ.പി. രണ്ടാം സ്‌ഥാനത്തുള്ള അപൂര്‍വം മണ്ഡലങ്ങളില്‍ ഒന്നായ ചാത്തന്നൂരില്‍ നിലവിലെ എം.എല്‍.എ: ജി.എസ്‌. ജയലാല്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യത കുറവാണ്‌. എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്‌ ഇവിടെ പലപ്പോഴും നടക്കാറുള്ളത്‌. ബി.ബി. ഗോപകുമാര്‍ തന്നെയാകും ഇത്തവണയും എന്‍.ഡി.എയുടെ കരുത്ത്‌. കൊട്ടാരക്കര ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മണ്ഡലമായതിനാല്‍ വികസന പ്രവര്‍ത്തനങ്ങളാണ്‌ എല്‍.ഡി.എഫ്‌ ഉയര്‍ത്തിക്കാട്ടുന്നത്‌. എന്നാല്‍, കേരള കോണ്‍ഗ്രസ്‌ ഗ്രൂപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ വോട്ട്‌ മറിക്കാന്‍ സാധ്യതയുണ്ട്‌. അടുത്തിടെ സി.പി.എമ്മില്‍ നിന്ന്‌ കോണ്‍ഗ്രസിലേക്ക്‌ വന്ന പി. ഐഷാ പോറ്റി യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായാല്‍ മത്സരം കടുക്കും. ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന്‌ ബി.ജെ.പിയില്‍ ചേര്‍ന്ന ആര്‍. രശ്‌മി ഇവിടെ സ്‌ഥാനാര്‍ഥിയാകാനാണ്‌ സാധ്യത.

പത്തനാപുരത്ത്‌ കെ.ബി. ഗണേഷ്‌കുമാറിനുള്ള വ്യക്‌തിപരമായ സ്വാധീനം വലുതാണ്‌. യു.ഡി.എഫിലെ ജ്യോതികുമാര്‍ ചാമക്കാല വെല്ലുവിളി ഉയര്‍ത്താന്‍ എത്തുമെങ്കിലും ഗണേഷ്‌കുമാറിനെ വീഴ്‌ത്തുക പ്രയാസകരമാകും. സി.പി.ഐയുടെ സുരക്ഷിത മണ്ഡലമായി കരുതപ്പെടുന്ന
പുനലൂരില്‍ നിലവില്‍ എം.എല്‍.എയായ സി.പി.ഐയിലെ പി.എസ്‌. സുപാല്‍ വീണ്ടും മത്സരിക്കും. ഇവിടെ മുസ്ലിംലീഗ്‌ വീണ്ടും മത്സരിക്കുമോയെന്ന്‌ കണ്ടറിയണം. ഇരവിപുരം സീറ്റാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. ആര്‍.എസ്‌.പിക്ക്‌ പുനലൂര്‍ സീറ്റ്‌ നല്‍കണമെന്നും അഭിപ്രായമുണ്ട്‌. തെരഞ്ഞെടുപ്പില്‍ മലയോര മേഖലയിലെ കര്‍ഷക പ്രശ്‌നങ്ങളാകും ഇവിടെ പ്രധാന ചര്‍ച്ചാവിഷയം. കുന്നത്തൂരില്‍ നിലവിലെ എം.എല്‍.എയായ കോവൂര്‍ കുഞ്ഞുമോന്‍ കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കോവൂര്‍ കുഞ്ഞുമോന്‌ പകരം ആളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. ആര്‍.എസ്‌.പി. ഈ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ വലിയ തയാറെടുപ്പിലാണ്‌.

മന്ത്രി ജെ. ചിഞ്ചുറാണിയുടെ മണ്ഡലമായ ചടയമംഗലത്ത്‌ സി.പി.ഐയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്‌ നടക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ്‌ ഗണ്യമായി വോട്ട്‌ വര്‍ധിപ്പിച്ചിരുന്നു. എല്‍.ഡി.എഫിന്റെ ഉറച്ച കോട്ടകളായിരുന്ന പല മണ്ഡലങ്ങളിലും ഇത്തവണ കടുത്ത ഭരണവിരുദ്ധ വികാരം പ്രകടമാണ്‌. ജില്ലയില്‍ എല്‍.ഡി.എഫിന്‌ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ കഠിനമായ പോരാട്ടം നടത്തേണ്ടി വരും. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. ജില്ലയില്‍ തങ്ങളുടെ വോട്ട്‌ വിഹിതം വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്‌. കൊല്ലം കോര്‍പറേഷനില്‍ 12 വാര്‍ഡുകള്‍ പിടിച്ചടക്കിയത്‌ ബി.ജെ.പിക്ക്‌ വലിയ ഊര്‍ജമാണ്‌ നല്‍കുന്നത്‌. ചില മണ്ഡലങ്ങളില്‍ ത്രികോണ മത്സരം കാഴ്‌ചവയ്‌ക്കാന്‍ എന്‍.ഡി.എയ്‌ക്ക്‌ സാധിക്കുന്നത്‌ പ്രധാന മുന്നണികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കും.

ഉണ്ണി വി.ജെ. നായര്‍

Ads by Google
ഉണ്ണി വി.ജെ. നായര്‍
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google