Monday, March 16, 2026 Last Updated 4 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Tuesday 17 Feb 2026 11.39 PM

ശബരിമല യുവതി പ്രവേശനം: ആചാരത്തിനൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ മേല്‍ശാന്തി നിയമനരീതിയും കീഴ്‌വഴക്കവും ചൂണ്ടിക്കാട്ടും

uploads/news/2026/02/825954/k5.jpg

കൊച്ചി: ശബരിമല യുവതി പ്രവേശനത്തില്‍ ആചാരപ്രകാരം പോകുമെന്ന നിലപാട്‌ സ്വീകരിക്കാന്‍ സര്‍ക്കാര്‍. ഈ വിഷയത്തില്‍ ഇനി നിയമോപദേശം തേടില്ല. മാര്‍ച്ചില്‍ നിലപാടറിയിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം തെരഞ്ഞെടുപ്പു കാലത്തു സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കരുതെന്നാണു സി.പി.എം. നിലപാട്‌.

യുവതി പ്രവേശനത്തെ അനുകൂലിച്ചു 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈപൊള്ളിയ അനുഭവത്തിലാണു ഭക്‌തര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടിലേക്കു സര്‍ക്കാര്‍ എത്തുന്നത്‌. നിലവില്‍ മേല്‍ശാന്തിമാരുടെ നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ആചാരം പാലിച്ചുവരുന്നുണ്ട്‌. കേരള ബ്രാഹ്‌മണരില്‍നിന്ന്‌ മാത്രമാണ്‌ അപേക്ഷ ക്ഷണിക്കുന്നത്‌.

ഒരോ തവണയും മറ്റു വിഭാഗങ്ങളില്‍നിന്നുള്ളവര്‍ അപേക്ഷ നല്‍കാറുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ്‌ നിരസിക്കുകയാണു പതിവ്‌. ഇതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി വരുമ്പോള്‍ സര്‍ക്കാര്‍ ശബരിമലയിലെ കീഴ്‌വഴക്കവും ആചാരവും ചൂണ്ടിക്കാട്ടി അപേക്ഷയെ എതിര്‍ക്കും. ഈ സമീപനം സ്‌ത്രീപ്രവേശന വിഷയത്തിലും അവലംബിക്കാനാണു നീക്കം. ആചാരപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നു സുപ്രീം കോടതിയില്‍ വ്യക്‌തമാക്കും.

നിയമോപദേശം മറികടന്നുകൊണ്ടാണു 2018 ല്‍ ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചത്‌. സുപ്രീം കോടതി വിധിയുണ്ടെങ്കിലും ഇപ്പോള്‍ യുവതീപ്രവേശനം അനുവദിക്കരുതെന്നായിരുന്നു നിയമോപദേശം. എന്നാല്‍, സര്‍ക്കാര്‍ സ്‌ത്രീപ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചു.
യുവതികള്‍ക്കു പോലീസ്‌ സംരക്ഷണം നല്‍കിയതും സര്‍ക്കാരിന്റെ തീരുമാനമായിരുന്നു. പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിട്ടും കോടതി അനുവദിച്ചിരുന്നില്ല. സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്‌.

രഹനാഫാത്തിമയ്‌ക്കടക്കം മല കയറാന്‍ പോലീസ്‌ സുര ക്ഷയൊരുക്കി. പുതുവര്‍ഷപ്പിറവിയില്‍ വനിതാമതിലൊരുക്കിയതിന്റെ പിറ്റേന്ന്‌ രഹസ്യമായി കനകദുര്‍ഗയെയും ബിന്ദു അമ്മിണി എത്തിച്ചു സര്‍ക്കാര്‍ വിധി നടപ്പാക്കി. ഈ നയത്തില്‍ നിന്നാണു സര്‍ക്കാര്‍ പിന്നാക്കം പോകാനൊരുങ്ങുന്നത്‌.

വി.എസ്‌. സര്‍ക്കാരിന്റെ സത്യവാങ്‌മൂലം പിടിവള്ളി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട്‌ മാറ്റത്തിനൊരുങ്ങുന്ന സംസ്‌ഥാന സര്‍ക്കാര്‍ വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ സത്യവാങ്‌മൂലത്തിലേക്കു തിരിയുന്നു. പ്രത്യക്ഷത്തില്‍ യുവതീപ്രവേശനത്തെ എതിര്‍ക്കാതെ തന്നെ, വിശ്വാസികളുടെ വികാരം കൂടി പരിഗണിച്ച്‌ സമവായത്തിലെത്താനാണ്‌ പിണറായി സര്‍ക്കാരിന്റെ നീക്കം.

യുവതീപ്രവേശന വിധി നടപ്പാക്കാന്‍ മുന്‍കൈ എടുത്ത മുന്‍ നിലപാടില്‍ നിന്ന്‌ അയഞ്ഞ്‌, ഭക്‌തരുടെ കൂടി നിലപാടിനൊപ്പം നില്‍ക്കുന്ന രീതിയിലാകും ഇനി കോടതിയെ സമീപിക്കുക. ഇതിനായി വി.എസ്‌. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം തുണയാകുമെന്നാണ്‌ സി.പി.എം. നേതൃത്വത്തിന്റെ വിലയിരുത്തല്‍.
യുവതീപ്രവേശനത്തിന്‌ തത്വത്തില്‍ എതിരല്ലെങ്കിലും ജാഗ്രതയോടെയുള്ള നിലപാടാണ്‌ വി.എസ്‌. സര്‍ക്കാര്‍ കേസിന്റെ തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്‌. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഹിന്ദു പണ്‌ഡിതരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഉള്‍പ്പെടുന്ന ഒരു കമ്മിഷനെ നിയോഗിക്കണമെന്നായിരുന്നു അന്നത്തെ സത്യവാങ്‌മൂലം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത്‌ മാറ്റി യുവതീപ്രവേശത്തെ എതിര്‍ത്തെങ്കിലും പിന്നീട്‌ വന്ന പിണറായി സര്‍ക്കാര്‍ യുവതീപ്രവേശനത്തിനായി ശക്‌തമായി വാദിച്ചു. ഇതില്‍നിന്നാണു പിന്നോട്ടുപോകുന്നത്‌.

സര്‍ക്കാരിനോട്‌ കോടതി അഭിപ്രായം ചോദിച്ചിട്ടില്ലെന്ന്‌ മന്ത്രി പി. രാജീവ്‌

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരിനോട്‌ സുപ്രീം കോടതി അഭിപ്രായം ചോദിച്ചിട്ടില്ലെന്നു മന്ത്രി പി. രാജീവ്‌. സര്‍ക്കാരിന്റെ നിലപാട്‌ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വശങ്ങളും ആലോചിച്ചു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സര്‍ക്കാര്‍ അന്നു ചെയ്‌തത്‌ സുപ്രീം കോടതി വിധി അനുസരിക്കലാണ്‌. സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങളാണെന്നും ഒരു മിനിറ്റുകൊണ്ട്‌ പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും മന്ത്രി വ്യക്‌തമാക്കി. വിശ്വാസവും സാമൂഹിക പരിഷ്‌കരണവും ഒപ്പം പോകണം. ഇതേ നിലപാടാണ്‌ സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google