Friday, March 20, 2026 Last Updated 17 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

കെ.എല്‍. 07 ഡിഎഫ്‌ 3177... മൂന്നേകാല്‍ മണിക്കൂര്‍ നോവായി ആലിന്‍ മടങ്ങി; ജീവനായി നാലുപേര്‍ക്ക്‌

uploads/news/2026/02/825416/1.jpg

കൊച്ചി/തിരുവനന്തപുരം: നാലുപേര്‍ക്കു പുതുജീവനേകി പത്തുമാസം പ്രായമുള്ള മല്ലപ്പള്ളി സ്വദേശി ആലിന്‍ ഷെറിന്‍ ഏബ്രഹാം യാത്രയായി. ഈ മാസം അഞ്ചിനുണ്ടായ വാഹനാപകടമാണ്‌ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തത്‌.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി ആറിനു രാത്രിയോടെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാനായില്ല.
കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്‌ടര്‍മാര്‍ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചു. മാതാപിതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം ഡോക്‌ടര്‍മാരെ അറിയിച്ചതോടെ സര്‍ട്ടിഫിക്കേഷന്‍ നടപടി ക്രമങ്ങളിലേക്കു കടന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ ഡെത്ത്‌ സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്‌റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. ഇന്നലെ രാവിലെയായിരുന്നു ആദ്യ ടെസ്‌റ്റ്‌. ഇന്നു രാവിലെ രണ്ടാമത്തെ ടെസ്‌റ്റും കഴിഞ്ഞു. ഈ രണ്ടു ടെസ്‌റ്റും കഴിഞ്ഞാണ്‌ അവയവ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്‌.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ വഴിയാണ്‌ അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്‌. കൊച്ചി അമൃത ആശുപത്രിയിലെ ശസ്‌ത്രക്രിയ വൈകിട്ട്‌ ആറരയോടെ പൂര്‍ത്തിയായി. അതിനുശേഷം വൈകിട്ട്‌ 7.15 ന്‌ അവയവങ്ങളുമായി റോഡു മാര്‍ഗം ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോയി. രാത്രി പത്തരയോടെ തിരുവനന്തപുരം കിംസ്‌ ആശുപത്രിയിലെത്തി കരള്‍ കൈമാറി. വൈകിട്ട്‌ അഞ്ചു മണിക്കു ശേഷം ഹെലികോപ്‌ടര്‍ പറത്തുന്നതില്‍ സാങ്കേതിക പ്രശ്‌നമുള്ളതിനാലാണ്‌ റോഡ്‌ മാര്‍ഗം അവയവം എത്തിക്കാന്‍ തീരുമാനിച്ചത്‌. ഇടപ്പള്ളി തൃപ്പൂണിത്തുറകോട്ടയം വഴിയാണ്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര തിരിച്ചത്‌. കെ.എല്‍. 07 ഡിഎഫ്‌ 3177 എന്ന നമ്പരിലുള്ള ആംബുലന്‍സ്‌ പോലീസിന്റെ സഹായത്തോടെ മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്‌ തിരുവനന്തപുരത്തെത്തി. രാത്രി തന്നെ അവയവമാറ്റ ശസ്‌ത്രക്രിയ നടത്തി.
തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ്‌ കരള്‍ മാറ്റിവയ്‌ക്കുന്നത്‌. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്ക്‌ രണ്ടു വൃക്കകളും നല്‍കും. ആലിനിന്റെ വൃക്കകള്‍ 5 സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാലാണ്‌ ഇരുവൃക്കകളും ഒരു കുട്ടിക്കു തന്നെ നല്‍കുന്നത്‌. ആലിന്റെ ഹൃദയ വാല്‍വ്‌ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കും നല്‍കി. കുട്ടിയുടെ കണ്ണുകള്‍ നേത്ര ബാങ്കിന്‌ കൈമാറും. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അയവയ ദാതാവാണ്‌ ആലിന്‍. കടുത്ത വേദനയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനമാണ്‌ നാലുപേരുടെ ജീവന്‌ താങ്ങാകുന്നത്‌.
മല്ലപ്പള്ളി പഞ്ചായത്ത്‌ ഷോപ്പിങ്‌ സെന്ററില്‍ അക്ഷയ കേന്ദ്രം നടത്തുന്ന മുന്‍ മല്ലപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റെജി ശാമുവേലിന്റെ മകന്‍ മല്ലപ്പള്ളി വെസ്‌റ്റ്‌ കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ അരുണ്‍ ഏബ്രഹാമിന്റെയും മല്ലപ്പള്ളി ഈസ്‌റ്റ്‌ പുളിഞ്ചിമൂട്ടില്‍ ഷെറിന്‍ ആന്‍ ജോണിന്റെയും ഏക മകളാണ്‌ ആലിന്‍ ഷെറിന്‍ ഏബ്രഹാം (9 മാസം). ഫെബ്രുവരി അഞ്ചിന്‌ ഉച്ചയ്‌ക്ക്‌ 2.30 നു എം.സി. റോഡില്‍ കോട്ടയം പള്ളം ബോര്‍മ കവല ജങ്‌ഷന്‌ സമീപമായിരുന്നു ആലിന്റെ ജീവനെടുത്ത അപകടം. ആലിന്‍, മാതാവ്‌ ഷെറിന്‍, ഷെറിന്റെ മാതാവ്‌ ജെസി ജോണ്‍, പിതാവ്‌ രാജന്‍ ജോണ്‍ എന്നിവര്‍ സഞ്ചരിച്ച കാറിലേക്ക്‌ എതിരേ വന്ന കാറിടിച്ചായിരുന്നു അപകടം. കോട്ടയം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറിന്റെ ൈഡ്രവര്‍ ഉറങ്ങിപ്പോയതാണ്‌ അപകടകാരണമെന്നു പറയപ്പെടുന്നു. സാരമായി പരുക്കേറ്റ രാജനും ജെസിയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ആലിന്റെ സംസ്‌കാരം നെടുങ്ങാടപ്പള്ളി സി.എസ്‌.ഐ. പള്ളിയില്‍ പിന്നീട്‌ നടക്കും.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED