Friday, March 20, 2026 Last Updated 2 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 11.38 PM

പിണറായിക്ക്‌ മൂന്നാമൂഴം കിട്ടില്ല: ജി. സുധാകരന്‍

uploads/news/2026/03/831170/k6.jpg

ആലപ്പുഴ: കേരളത്തിലെ സി.പി.എമ്മില്‍ നിര്‍ഭയമായും സത്യസന്ധമായും രാഷ്‌ട്രീയപ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യത്തിലാണ്‌ പാര്‍ട്ടി വിട്ടതെന്നു മുന്‍മന്ത്രി ജി. സുധാകരന്‍. അഴിമതിക്കാര്‍ക്കും ക്രിമിനല്‍, മാഫിയ രാഷ്‌ട്രീയം കൈയാളുന്നവര്‍ക്കുമെതിരായ നിലപാടിന്റെ ഭാഗമായാണ്‌ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതെന്നു യു.ഡി.എഫ്‌. പിന്തുണയ്‌ക്കു നന്ദി അറിയിച്ചുള്ള ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ സുധാകരന്‍ വ്യക്‌തമാക്കി.
മണ്ഡലത്തില്‍ നൂറുകണക്കിന്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായും നിസ്വാര്‍ഥമായും തനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌ കാണുന്നുണ്ട്‌. അവരോടെല്ലാമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. നിര്‍ണായകമായ ഈ ചരിത്രഘട്ടത്തില്‍ അപമാനിക്കാനും അസഭ്യം പറയാനും കുപ്രചാരണം നടത്താനും എല്‍.ഡി.എഫ്‌. നേതൃത്വം പരസ്യമായി രംഗത്തുവന്നപ്പോള്‍, പിന്തുണയുമായി രംഗത്തുള്ള കോണ്‍ഗ്രസ്‌ നയിക്കുന്ന യു.ഡി.എഫിന്റെ ബുദ്ധിപൂര്‍വമായ നിലപാട്‌ ചരിത്രത്തില്‍ രജതരേഖയായി സ്‌ഥാനം പിടിക്കും.
സി.പി.എം. നേതൃത്വം രാഷ്‌ട്രീയമായി പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷനേതൃത്വങ്ങള്‍ പൊതുവെയും കോണ്‍ഗ്രസ്‌ നേതൃത്വം പ്രത്യേകിച്ചും രാഷ്‌ട്രീയമായി വിജയിക്കുന്നതാണ്‌ കാണുന്നത്‌. അതിന്റെ ഫലമായി മൂന്നാം ഊഴമെന്ന മുഖ്യമന്ത്രിയുടെ സ്വപ്‌നം വിഫലമാകുകയാണ്‌.
ആറ്‌ പതിറ്റാണ്ടിലേറെ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിനൊപ്പം അണിയായും നേതൃത്വഭാഗമായും പ്രവര്‍ത്തിച്ച തനിക്ക്‌ നിര്‍ഭയമായും സത്യസന്ധമായും രാഷ്‌ട്രീയപ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ്‌ വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്‌. അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസനമുന്നേറ്റമാണ്‌ തന്റെ നിലപാടിന്റെ ലക്ഷ്യം. അവസരം കിട്ടിയപ്പോഴെല്ലാം വികസനം എന്താണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. അതില്‍ വിജയിച്ചതായാണ്‌ നാട്ടുകാര്‍ പറയുന്നത്‌. തന്നെ നേരിടുന്ന എല്‍.ഡി.എഫ്‌. നേതൃത്വം നിരന്തരമായി സത്യവിരുദ്ധപ്രചാരണം നടത്തുകയാണ്‌. ജനങ്ങളെ ഈ കുപ്രചാരണങ്ങള്‍ ബാധിച്ചിട്ടില്ലെന്ന പ്രതികരണമാണ്‌ ലഭിക്കുന്നത്‌. രാഷ്‌ട്രീയവ്യത്യാസമില്ലാതെ, ജാതിമതപരിഗണനകള്‍ മാറ്റിവച്ച്‌ നല്ലവരായ അമ്പലപ്പുഴക്കാര്‍ തനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. ഇടതുപക്ഷത്തില്‍ പൊതുവേയും, സി.പി.എമ്മില്‍ പ്രത്യേകിച്ചും, പതിനായിരക്കണക്കിന്‌ വോട്ടര്‍മാര്‍ തന്നെ വിജയിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ രംഗത്തുണ്ട്‌. ഇത്‌ കേരളരാഷ്‌ട്രീയചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും സുധാകരന്‍ അവകാശപ്പെട്ടു.

Ads by Google
Thursday 19 Mar 2026 11.38 PM
YOU MAY BE INTERESTED