ആലപ്പുഴ; മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമതഭീഷണി നേരിടുന്ന കോണ്‍ഗ്രസിനു മാതൃകയായി യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. കായംകുളത്ത് സീറ്റു ലഭിക്കാത്തതില്‍ നിരാശയില്ലെന്നു വ്യക്‌തമാക്കി എം. ലിജുവിന്റെ ഫ്‌ളക്‌സ് ബോര്‍ഡിനു മുന്നില്‍ നിന്ന് ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവച്ചിരിക്കുകയാണ്.
കായംകുളം മണ്ഡലത്തില്‍ കഴിഞ്ഞതവണ പരാജയപ്പെട്ടെങ്കിലും അരിത മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. അതുകൊണ്ട് ഇത്തവണയും ഇവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അമ്പലപ്പുഴയിലേക്കു പരിഗണിച്ച എം. ലിജുവിനെ ജി. സുധാകരനുവേണ്ടി കായംകുളത്തേക്കു മാറ്റി മത്സരിപ്പിക്കേണ്ടി വന്നു. ഇതോടെ അരിതയുടെ പേര് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞതവണ എം. ലിജുവായിരുന്നു അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി. ഇത്തവണ സ്വതന്ത്രനായി മത്സരിക്കുന്ന മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരനെ അവിടെ പിന്തുണക്കാനാണു പാര്‍ട്ടി തീരുമാനം.
സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് അരിത ബാബു വ്യക്‌തമാക്കി. എം.ലിജുവിനുവേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങും. പാര്‍ട്ടി വിടുമെന്ന പ്രചാരണം വ്യാജമാണ്. ലിജുവിനുവേണ്ടി മാറിനില്‍ക്കണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാറിനില്‍ക്കല്‍ പതിനായിരം തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കുന്നതിനു തുല്യമാണ്. മരണംവരെ കോണ്‍ഗ്രസായിരിക്കുമെന്നും അരിത വ്യക്‌തമാക്കി.