തലശേരി: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാവിലെ 11 നു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തലശേരിയിലെ ജില്ലാ രജിസ്‌ട്രാര്‍ സച്ചിന്‍ കൃഷ്‌ണന്‍ മുമ്പാകെയാണു പത്രികാ സമര്‍പ്പണം നടത്തിയത്. വരണാധികാരി എ.വി. സത്യന്‍ നാമനിര്‍ദേശപത്രിക ഏറ്റുവാങ്ങി. സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍, എല്‍.ഡി.എഫ്. നേതാക്കളായ ഇ.പി. ജയരാജന്‍, പി. ശശി, കെ.കെ. രാഗേഷ്, സി.എന്‍. ചന്ദ്രന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മൂന്നാം തവണയാണു പിണറായി വിജയന്‍ ജനവിധി തേടുന്നത്.
പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അമ്മമാരാണു മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്‌ക്കാനുള്ള തുക നല്‍കിയത്.
കഴിഞ്ഞ രണ്ടു തവണയും ഇവര്‍തന്നെയാണു പിണറായി വിജയനു തുക നല്‍കത്.
ഗാന്ധിഭവനില്‍ ഇവര്‍ നിര്‍മ്മിച്ച കരകൗശല വസ്‌തുക്കള്‍ വില്‌പന നടത്തിക്കിട്ടിയ തുകയില്‍നിന്നുള്ള ഒരു പങ്ക് മുഖ്യമന്ത്രിക്ക് നല്‍കാനായി ഗാന്ധിഭവന്‍ ഭാരവാഹികളെ ഏല്‍പിക്കുകയായിരുന്നു. ഭാരവാഹികളായ ഡോ. പുനലൂര്‍ സോമരാജന്‍, കെ. വരദരാജന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു തുക കൈമാറി.
ഇന്നലെ രാവിലെ പിണറായി കണ്‍വന്‍ഷന്‍ സെന്ററില്‍ നിയമ വിദഗ്‌ധര്‍ പത്രികയുടെ അവസാനവട്ട സൂക്ഷ്‌മ പരിശോധന നടത്തി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എല്‍.ഡി.എഫ്. നേതാക്കള്‍ക്കൊപ്പം തലശേരി രജിസ്‌ട്രാര്‍ ഓഫീസിലെത്തിയാണു പത്രിക നല്‍കിയത്. എം.സി. പവിത്രന്‍, സി.കെ. രമേശന്‍, കെ. ശശിധരന്‍, സി.പി. ഷൈജന്‍ തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും സ്‌ഥലത്തുണ്ടായിരുന്നു.