കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതിയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ആദൂര്‍ സ്വദേശി ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയാണ് (24) മരിച്ചത്. ഇന്നലെ ഉച്ച യോടെ നഗരത്തിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനുശേഷമായിരിക്കും തുടരന്വേഷണമെന്നും പോലീസ് വ്യക്തമാക്കി.
ചിന്നു കാസര്‍കോട് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. തുടര്‍ച്ചയായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതായതോടെ ആണ്‍സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാള്‍ സുഹൃത്തിനൊപ്പം ചിന്നുവിന്റെ വീട്ടിലെത്തിയത്. യുവതി തൂങ്ങിനില്‍ക്കുന്നതു കണ്ട് ഇയാള്‍ ബഹളംവച്ചതുകേട്ട് നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു യുവതി. അടുത്തിടെയായി ആണ്‍സുഹൃത്തും ഒപ്പം താമസിക്കുന്നുണ്ടായിരുന്നു. ഇയാള്‍ ജോലിക്കുപോയ സമയത്താണ് യുവതി ജീവനൊടുക്കിയത്. ഇയാളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.