ആലപ്പുഴ: യുഡിഎഫില്‍ കലാപക്കൊടി ഉയരുന്ന ആലപ്പുഴയില്‍ കുട്ടനാട് സീറ്റിനെ ചൊല്ലിയും വിവാദം. സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെ പെയ്‌മെന്റ് സീറ്റ് ആരോപണവും ഉയര്‍ത്തി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് രംഗത്ത് വന്നിരിക്കുകയാണ്. കുട്ടനാട്ടിലേത് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലികൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൊടിക്കുന്നില്‍ വിഭാഗം നേതാവാണ് സജി ജോസഫ്
പണക്കാര്‍ക്ക് എംഎല്‍എ മോഹം സാദ്ധ്യമാക്കാനുള്ള ഉപഭോഗവസ്തുവാക്കി കുട്ടനാടിനെ മാറ്റിയെന്നും ഇത് കുട്ടനാട്ടിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് നീക്കം. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായും തന്നോടൊപ്പം 50 പേരും രാജിവെയ്ക്കുമെന്ന് സജി ജോസഫ് അറിയിച്ചു.
സീറ്റ് ഏറ്റെടുക്കുമെന്ന് നേതൃത്വം ഉറപ്പു നല്‍കിയിരുന്നുവെന്നും സജി പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി കെ ഗോപകുമാറും രാജിവച്ചു. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് സ്ഥാനാര്‍ത്ഥി. കൊടിക്കുന്നില്‍ സുരേഷ് വിഭാഗത്തില്‍പ്പെട്ട ആളാണ് സജി ജോസഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ ആ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.
ആലപ്പുഴയിലെ മറ്റൊരു സീറ്റായ അമ്പലപ്പുഴയിലും യുഡിഎഫ് വിമതശല്യം നേരിടുന്നുണ്ട്. ജി സുധാകരന് യുഡിഎഫ് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ്. ഉടന്‍ നാമനിര്‍ദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതിലാണ് പ്രതിഷേധം.