Wednesday, March 18, 2026 Last Updated 0 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 02.00 PM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അന്വേഷണം വളച്ചൊടിക്കുന്നു, ചില ഉദ്യോഗസ്ഥരെ രണ്ടാമത് തിരുകി കയറ്റിയതില്‍ സംശയം: പ്രതികരിച്ച് അടൂര്‍ പ്രകാശ്

sabarimala, gold, theft, adoor-prakash

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരെ അടൂര്‍ പ്രകാശ് എം പി. അന്വേഷണം വളച്ചൊടിക്കുന്നുവെന്നും എസ് ഐ ടിയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില ഉദ്യോഗസ്ഥരെ രണ്ടാമത് തിരുകി കയറ്റിയെന്നും ഇത് സംശയാസ്പദമാണെന്നും അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി ചില പ്രത്യേക ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ നിയമിച്ചിട്ടുണ്ട്. ഇവരാണ് യു ഡി എഫ് നേതാക്കളെ കൂടി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. തന്റെ ചോദ്യം ചെയ്യല്‍ സമയത്ത് പുറത്ത് വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും ഇവരാണ്. പോറ്റിയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തെന്ന് വരെ പ്രചരിപ്പിച്ചു. എസ് ഐ ടി ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. ഇതിന് ശേഷം മാധ്യമങ്ങളെ കാണാതെ ഒളിച്ചോടി പുറകിലൂടെ പോകാനുള്ള വഴി ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു തന്നു. എന്നാല്‍ മാധ്യമങ്ങളെ കണ്ടിട്ടേ പോകൂ എന്ന് താന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറഞ്ഞത് ചെവിക്കൊള്ളാതെ മാധ്യമങ്ങളെ കണ്ടിട്ടാണ് താന്‍ ഇന്നലെ മടങ്ങിയതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

അതേസമയം ഇന്നലെ എസ് ഐ ടിക്ക് മുന്നില്‍ ഹാജരായതില്‍ കൂടുതല്‍ പ്രതികരണവും അടൂര്‍ പ്രകാശ് നടത്തി. എസ് ഐ ടി വിളിച്ചിട്ട് സ്‌റ്റേറ്റ്‌മെന്റ് നല്‍കാമോ എന്ന് ആവശ്യപ്പെട്ടു. അതു കൊണ്ടാണ് പോയത്. ഞാന്‍ രഹസ്യമായി പോയതല്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോട്ടോയെ പറ്റി ചോദിച്ചു. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞു. മാധ്യമങ്ങള്‍ പല കഥകള്‍ സൃഷ്ടിക്കുന്നു. പോറ്റിക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു എന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. അത് സത്യമേയല്ല. ഇതൊന്നും കണ്ട് ഒളിച്ചോടാന്‍ തയ്യാറല്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. മാങ്ങയുള്ള മാവിലേ കല്ലെറിയൂ എന്നതാണ് അവസ്ഥ. ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. ആടിനെ പട്ടിയാക്കുന്ന കാലമാണെന്നും അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണം ഏത് രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.

Ads by Google
Sunday 08 Feb 2026 02.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google