പാലക്കാട് : മുന്‍ മന്ത്രി ഇ. പി. ജയരാജന്‍ നൽകിയ മാനനഷ്ടക്കേസിൽ ബിജെപി പാലക്കാട് നിയമസഭ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് കോടതി സമന്‍സ് . കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.
ബിജെപിയിൽ ചേരാൻ മൂന്ന് തവണ ചർച്ച നടത്തിയെന്നും ഡൽഹിയിലെ ഹോട്ടലിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയെന്നതുമുൾപ്പെടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങൾ അപകീർത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഏപ്രിൽ 26ന് മാധ്യമങ്ങളിൽ നൽകിയ പ്രസ്‌താവനയിലൂടെയും 28ന് രണ്ട് പത്രങ്ങൾക്ക് നൽകിയ അഭിമുഖത്തിലൂടെയും അപകീർത്തിപ്പെടുത്തിയെന്നും ഇപി കോടതിയില്‍ പറഞ്ഞു .
ശോഭ സുരേന്ദ്രന്‍ നടത്തിയ വിവാദ പരാമര്‍ശം ഇങ്ങനെ .... ഇ പി ജയരാജനെ കാണാൻ രാമനിലയത്തിൽ പോയിരുന്നു എന്ന പ്രസ്താവന ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു. മൂന്ന് തവണ രാമനിലയില്‍ പോയിരുന്നു. ഒരു തവണ പോയത് ഇപി ജയരാജനെ കാണാനാണ്. അന്ന് 24 മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇപിയുടെ കഴുത്തിൽ ബിജെപിയുടെ ഷാൾ വീഴുമായിരുന്നുവെന്നും ശോഭാ പറയുന്നു. മാനനഷ്ടക്കേസില്‍ ഇ പി ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് 'ക്ഷ' വരപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
ഇ പി ജയരാജന്‍റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രനെതിരെ ഇപി ആരോപണം ഉന്നയിച്ചിരുന്നു. തന്‍റെ മകനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയെന്നായിരുന്നു ആത്മകഥയില്‍ പറഞ്ഞത്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ ആത്മകഥയില്‍ പറഞ്ഞു .