തിരുവനന്തപുരം;ബി.എഫ്.എ. (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ്) പരീക്ഷയില്‍ തോറ്റ എസ്.എഫ്.ഐ. പ്രവര്‍ത്തകന് എം.എഫ്.എയ്‌ക്ക് പ്രവേശനം നല്‍കി ബി.എഫ്. എ. ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്‌കൃത സര്‍കലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം മരവിപ്പിക്കാനും അസി: പ്രഫസര്‍ നിയമന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനം നിര്‍ത്തിവയ്‌ക്കാനും ഗവര്‍ണര്‍ വിസി ക്ക് നിര്‍ദേശം നല്‍കി.
ഇതു സംബന്ധിച്ച കത്ത് രാജ്‌ഭവന്‍ സെക്രട്ടറി വിസി കെ.കെ. ഗീതാ കുമാരിക്ക് കൈമാറി.നാലു വര്‍ഷ ബി.എഫ്. എ. (മ്യൂറല്‍ പെയിന്റിങ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 2005-ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകനു ബി.എഫ്.എ. പരീക്ഷ പാസാകാതെ എം.എഫ്.എയ്‌ക്ക് പ്രവേശനം നല്‍കിയിരുന്നു. ഈ വിദ്യാര്‍ഥി 2023 ല്‍ എം.എഫ്.എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്. എ. ജയിപ്പിക്കാന്‍ താല്‍ക്കാലിക വിസി കെ.കെ.ഗീതാ കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയാ യിരുന്നു. ബി.എഫ്.ഐ. പരീക്ഷയുടെ മാര്‍ക്ക്‌ലിസ്‌റ്റുകള്‍ പരിശോധിക്കാതെയാണ് സര്‍വകലാശാലയില്‍ എം.എഫ്.എയ്‌ക്ക് പ്രവേശനം നല്‍കിയത്. രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവിലാണ് എം.എഫ്.എയ്‌ക്ക് പ്രവേശനം നല്‍കിയതതെന്നാണ് ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് അധ്യാപക നിയമനനടപടികള്‍ ആരംഭിക്കുവാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനവും ഗവര്‍ണര്‍ തടഞ്ഞിട്ടുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍കലാശാലയില്‍, നിലവില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനു ആനുപാതികത്തില്‍ അധികം അധ്യാപകരെ നിയമിച്ചിരിക്കുന്നതായ സര്‍ക്കാര്‍ ഓഡിറ്ററുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു.
സര്‍കലാശാലയുടെ ചട്ടങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ട താല്‍കാലിക വിസി സി.പി.എം. കാരായ ചില സിന്‍ഡിക്കേറ്റങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ചട്ട വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്‌ത നാല് സിന്‍ഡിക്കേറ്റ് അംഗങ്ങളും സര്‍കലാശാലയില്‍ നടക്കുന്ന ക്രമവിരുദ്ധ നടപടികളും അഴിമതികളും ഗവര്‍ണറെ രേഖമൂലം അറിയിച്ചിരുന്നു.