തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 7 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, എറണാകുളം കളമശ്ശേരി, തൃശ്ശൂർ ഒല്ലൂർ, പാലക്കാട് തൃത്താല, മലപ്പുറം പൊന്നാനി , കോഴിക്കോട് ബേപ്പൂർ, വയനാട് മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെയിൽ കടുക്കുന്ന സമയങ്ങളിൽ, പ്രത്യേകിച്ച് പകൽ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.