Monday, March 16, 2026 Last Updated 8 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
ബാലഗോപാലന്‍ പെരളത്ത്‌
Tuesday 03 Feb 2026 11.37 PM

'ഹെലികോപ്‌ടറി'ല്‍നിന്ന്‌ ഇറങ്ങി; പലവട്ടം തലനാരിഴയ്‌ക്ക്‌ വഴുതിപ്പോയ മഞ്ചേശ്വരം പിടിക്കാന്‍ സുരേന്ദ്രന്‍, പ്രചാരണത്തിനു തുടക്കം കുറിച്ചു

മഞ്ചേശ്വരത്ത്‌ 2016-ല്‍ വെറും 89 വോട്ടിനാണ്‌ സുരേന്ദ്രന്‍ തോറ്റത്‌. 2021-ല്‍ 65,013 വോട്ട്‌ നേടിയപ്പോള്‍ തോല്‍വി വെറും 745 വോട്ടിന്‌. രണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ തലനാരിഴയ്‌ക്കു കൈവിട്ട ജയം ഇത്തവണ ഉറപ്പാക്കണമെന്നു സുരേന്ദ്രന്‍ പ്രവര്‍ത്തകരോട്‌ ആഹ്വാനം ചെയ്‌തു
uploads/news/2026/02/823745/K.-Surendran-5.jpg

കാസര്‍ഗോഡ്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ പലവട്ടം തലനാരിഴയ്‌ക്ക്‌ വഴുതിപ്പോയ മഞ്ചേശ്വരം മണ്ഡലം ഇക്കുറി പിടിച്ചെടുക്കാനുറച്ച്‌ ബി.ജെ.പി. പ്രചാരണത്തിനു തുടക്കം കുറിച്ചു. നിയോജകമണ്ഡലത്തിലെ ബൂത്ത്‌, ശക്‌തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗം പാര്‍ട്ടി മുന്‍സംസ്‌ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.

ബി.ജെ.പി. വന്‍രാഷ്‌ട്രീയമുന്നേറ്റമുണ്ടാക്കിയ മഞ്ചേശ്വരത്ത്‌ സുരേന്ദ്രന്റെ പരാജയങ്ങള്‍ കപ്പിനും ചുണ്ടിനുമിടയിലായിരുന്നു. കഴിഞ്ഞ രണ്ട്‌ നിയമസഭാതെരഞ്ഞെടുപ്പിലും നടന്ന ഇഞ്ചോടിഞ്ച്‌ പോരാട്ടങ്ങള്‍ അദ്ദേഹം ഉദ്‌ഘാടനപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മഞ്ചേശ്വരത്ത്‌ 2016-ല്‍ വെറും 89 വോട്ടിനാണ്‌ സുരേന്ദ്രന്‍ തോറ്റത്‌. 2021-ല്‍ 65,013 വോട്ട്‌ നേടിയപ്പോള്‍ തോല്‍വി വെറും 745 വോട്ടിന്‌. രണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ തലനാരിഴയ്‌ക്കു കൈവിട്ട ജയം ഇത്തവണ ഉറപ്പാക്കണമെന്നു സുരേന്ദ്രന്‍ പ്രവര്‍ത്തകരോട്‌ ആഹ്വാനം ചെയ്‌തു. അദ്ദേഹം മണ്ഡലത്തില്‍ ക്യാമ്പ്‌ ചെയ്‌ത്‌ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുമെന്നാണ്‌ സൂചന.

മുസ്ലിം ലീഗിന്റെ സിറ്റിങ്‌ സീറ്റായ മഞ്ചേശ്വരത്ത്‌ ഇക്കുറി ആരാകും യു.ഡി.എഫിനു വേണ്ടി പോരിനിറങ്ങുകയെന്നു വ്യക്‌തമായിട്ടില്ല. 2021-ല്‍ ശക്‌തമായ ത്രികോണമത്സരമായിരുന്നു. എ.കെ.എം. അഷ്‌റഫിനോട്‌ നിസാര വോട്ടിനു തോറ്റ സുരേന്ദ്രനോട്‌ ഏറ്റുമുട്ടാന്‍ സി.പി.എം. രംഗത്തിറക്കിയത്‌ വി.വി. രമേശനെയായിരുന്നു. അന്ന്‌ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിനു പുറമേ പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലത്തിലും മത്സരിച്ചു.

ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷനെന്ന പകിട്ടില്‍ ഹെലികോപ്‌ടറില്‍ സഞ്ചരിച്ച്‌ രണ്ട്‌ മണ്ഡലങ്ങളിലായുള്ള പ്രചാരണകോലാഹലം അണികള്‍ക്കിടയിലും വോട്ടര്‍മാരിലുമുണ്ടാക്കിയ അവമതിപ്പാണ്‌ പരാജയകാരണമായതെന്ന്‌ പാര്‍ട്ടിയില്‍ ഒരുവിഭാഗം വിലയിരുത്തിയിരുന്നു. എന്നാല്‍, ഇത്തവണ മഞ്ചേശ്വരമെന്ന ഒറ്റമണ്ഡലത്തില്‍ കേന്ദ്രീകരിച്ച്‌ വിജയം നേടാമെന്ന പ്രതീക്ഷയിലാണ്‌ സുരേന്ദ്രനും പാര്‍ട്ടിയും.

ബാലഗോപാലന്‍ പെരളത്ത്‌

Ads by Google
ബാലഗോപാലന്‍ പെരളത്ത്‌
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google