Wednesday, March 18, 2026 Last Updated 1 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 27 Jan 2026 11.30 PM

തുള്ളിക്ക്‌ ഒരുകുടം അപമാനം; സ്‌റ്റേഷനു മുന്നില്‍ കാറിലിരുന്ന്‌ മദ്യപിച്ചു, 6 പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍, കുടുക്കിയത്‌ സ്‌റ്റേഷനിലെത്തിയയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍

മദ്യപാനസംഘത്തിലുണ്ടായിരുന്ന എല്ലാവരും ഒരേ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരാണ്. വിശദമായ അന്വേഷണത്തിന്‌ ശേഷം ഇവരെ പിരിച്ചുവിടുന്നത്‌ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക്‌ നീങ്ങാനാണ്‌ ആഭ്യന്തര വകുപ്പിന്റെ ആലോചന.
uploads/news/2026/01/822777/k2.jpg

തിരുവനന്തപുരം: പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ കാറിലിരുന്ന്‌ മദ്യപിച്ച ആറു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. കഴക്കൂട്ടം പോലീസ്‌ സ്‌റ്റേഷനിലെ ആറു പോലീസുകാരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
കഴക്കൂട്ടം പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട സ്വകാര്യ വാഹനത്തിലിരുന്ന്‌ മദ്യപിച്ച ഗ്രേഡ്‌ എ.എസ്‌.ഐ. ബിനു, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ രതീഷ്‌, മനോജ്‌, അരുണ്‍, അഖില്‍രാജ്‌, മറ്റൊരു പോലീസുകാരനായ അരുണ്‍ എന്നിവര്‍ക്കെതിരേയാണ്‌ സിറ്റി പോലീസ്‌ കമ്മിഷണറുടെ നടപടി.
സിവില്‍ ഡ്രസില്‍ കാറിനുള്ളിലിരുന്ന്‌ മദ്യപിക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌ സേനയ്‌ക്കാകെ വലിയ നാണക്കേടായി. നിലവില്‍ അന്വേഷണവിധേയമായാണ്‌ സസ്‌പെന്‍ഷനെങ്കിലും, സംഭവത്തില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നാണ്‌ സൂചന. പോലീസ്‌ സ്‌റ്റേഷനു തൊട്ടുമുന്നിലെ റോഡരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന സ്‌കോര്‍പിയോ കാറിനുള്ളിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. സ്‌റ്റേഷനിലെത്തിയ മറ്റൊരാള്‍ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങളാണ്‌ ഉദ്യോഗസ്‌ഥരെ കുടുക്കിയത്‌. സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥര്‍ വരെ മദ്യപാനസംഘത്തില്‍ ഉണ്ടായിരുന്നു.
മദ്യപിച്ചശേഷം വാഹനമോടിച്ച സിവില്‍ പോലീസ്‌ ഓഫീസര്‍ അടക്കമുള്ളവര്‍ ഇതേ കാറില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായും അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്‌.
സംഭവത്തെക്കുറിച്ച്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ അടിയന്തര നടപടി സ്വീകരിച്ചത്‌. പോലീസുകാരുടെ പെരുമാറ്റം സേനയുടെ സല്‍പ്പേരിന്‌ കളങ്കമുണ്ടാക്കിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തുവെന്നുമാണ്‌ പ്രാഥമിക വിലയിരുത്തല്‍. മദ്യപാനസംഘത്തിലുണ്ടായിരുന്ന എല്ലാവരും ഒരേ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരായത്‌ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിശദമായ അന്വേഷണത്തിന്‌ ശേഷം ഇവരെ പിരിച്ചുവിടുന്നത്‌ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക്‌ നീങ്ങാനാണ്‌ ആഭ്യന്തര വകുപ്പിന്റെ ആലോചന.
സ്‌റ്റേഷനിലെ റൈട്ടറുടെ ഉടമസ്‌ഥതയിലുള്ള സ്‌കോര്‍പ്പിയോ കാറിലിരുന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ മദ്യപാനം. കഴക്കൂട്ടത്തെ പ്രമുഖ വ്യവസായിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്നോടിയായാണ്‌ ഇവര്‍ സംഘം ചേര്‍ന്ന്‌ മദ്യപിച്ചത്‌. ഡ്യൂട്ടിക്കു കയറുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ഇത്‌.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google