ന്യൂയോര്‍ക്ക് : അമേരിക്കയുടെ പിന്തുണയില്ലെങ്കില്‍ നാറ്റോ സൈനിക സഖ്യത്തിന് പ്രസക്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഒരു സുരക്ഷാ ഭീഷണി നേരിട്ടാല്‍ നാറ്റോ രാജ്യങ്ങള്‍ സംരക്ഷണത്തിന് എത്തുമോ എന്ന കാര്യത്തില്‍ അദ്ദേഹം സംശയവും പ്രകടിപ്പിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപിന്റെ പ്രസ്താവന.
അമേരിക്കയുടെ സാന്നിധ്യമില്ലെങ്കില്‍ റഷ്യയ്ക്കും ചൈനയ്ക്കും നാറ്റോയെ ഒട്ടും ഭയമില്ലെന്നും, അമേരിക്കയ്ക്ക് ആവശ്യം വരുമ്പോള്‍ നാറ്റോ കൂടെയുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും എങ്കിലും അമേരിക്ക എപ്പോഴും നാറ്റോയ്ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിച്ചത് തന്റെ ഇടപെടല്‍ മൂലമാണെന്നും അവകാശപ്പെട്ടു. ഭൂരിഭാഗം രാജ്യങ്ങളും ജിഡിപിയുടെ രണ്ടു ശതമാനം പോലും നല്‍കുന്നുണ്ടായിരുന്നില്ലെന്നും, അമേരിക്കയാണ് അവര്‍ക്ക് വേണ്ടി പണം നല്‍കിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ റഷ്യ ഇതിനകം തന്നെ യുക്രെയ്ന്‍ പൂര്‍ണ്ണമായും പിടിച്ചെടുക്കുമായിരുന്നു എന്നും ട്രംപ് പറഞ്ഞു.
നോബല്‍ സമാധാന പുരസ്‌കാരത്തിന് തന്നെ പരിഗണിക്കാത്തതില്‍ ഇത്തവണയും പരാതിപ്പെട്ടു. താന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നും, ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിച്ചിട്ടും നാറ്റോ അംഗമായ നോര്‍വേ തനിക്ക് പുരസ്‌കാരം നല്‍കാന്‍ തയ്യാറായില്ലെന്നും പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് പുരസ്‌കാരം ലഭിച്ച സാഹചര്യത്തില്‍ താനും അതിന് അര്‍ഹനാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ താല്‍പ്പര്യത്തെച്ചൊല്ലി പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റ വീമ്പു പറച്ചില്‍.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് അത്യന്താപേക്ഷിതമാണെന്നും അത് നേടിയെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ഉറപ്പുപറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു നാറ്റോ രാജ്യം മറ്റൊരു നാറ്റോ രാജ്യത്തെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അത് സഖ്യത്തിന്റെ തകര്‍ച്ചയ്ക്കും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിന്റെ സുരക്ഷാ ക്രമങ്ങള്‍ ഇല്ലാതാകാനും കാരണമാകുമെന്നുമാണ് ഡാനിഷ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ അമേരിക്ക നിലപാട് കടുപ്പിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളുമായി ആലോചിച്ച് നീങ്ങുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഡാനിഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.