Thursday, March 19, 2026 Last Updated 16 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 07 Jan 2026 11.57 PM

തമിഴ്‌ സൂപ്പര്‍താരം വിജയ്‌യുടെ അവസാന ചിത്രം; നിയമക്കുരുക്കില്‍ 'ജനനായകന്‍'; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ കേസില്‍ വിധി നാളെ, പ്രദര്‍ശനം പ്രതിസന്ധിയില്‍

നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ്‌ തയാറായില്ലെന്നു കാട്ടിയാണ്‌ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
uploads/news/2026/01/819592/in2.jpg

ന്യൂഡല്‍ഹി: രാഷ്‌ട്രീയത്തിലേക്കു ചുവടുമാറ്റത്തിനൊരുങ്ങുന്ന തമിഴ്‌ സൂപ്പര്‍താരം വിജയ്‌യുടെ അവസാന ചിത്രമെന്ന പേരിലെത്തുന്ന 'ജനനായക'ന്‌ വീണ്ടും ശനിദശ. സെന്‍സര്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിനായി നിയമവഴി തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പ്രസ്‌താവിക്കുന്നത്‌ മദ്രാസ്‌ ഹൈക്കോടതി ചിത്രത്തിന്റെ റിലീസ്‌ ദിവസമായ നാളേക്കു മാറ്റി. ഇതോടെ പ്രത്യേക പ്രദര്‍ശനം ഉള്‍പ്പെടെ പ്രതിസന്ധിയില്‍.

നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ്‌ തയാറായില്ലെന്നു കാട്ടിയാണ്‌ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ട കോടതി, വിധി പ്രസ്‌താവം നാളത്തേക്കു മാറ്റുകയായിരുന്നു. ഇതിനുപുറമേ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷ(സി.ബി.എഫ്‌.സി)ന്റെ പുതിയ സമിതി 'ജനനായകന്‍' കണ്ട്‌ വിലയിരുത്തുമെന്നും കോടതി വ്യക്‌തമാക്കി. ഇക്കാര്യം കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ സി.ബി.എഫ്‌.സി. അറിയിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തല്‍, സേനയെ വികലമായി ചിത്രീകരിക്കല്‍ തുടങ്ങിയവ സൂചിപ്പിച്ചു ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ ചിത്രം വീണ്ടും കാണേണ്ടതുണ്ടെന്ന വാദമാണ്‌ സി.ബി.എഫ്‌.സി. ഉയര്‍ത്തിയത്‌.
നിയമക്കുരുക്കിലായതോടെ ചിത്രത്തിന്റെ റിലീസിങ്ങും പ്രതിസന്ധിയിലായി. നാളെയാണു റിലീസ്‌ നിശ്‌ചയിച്ചിരുന്നത്‌. കോടതി തീരുമാനത്തിന്റെ പശ്‌ചാത്തലത്തില്‍ പ്രത്യേക പ്രദര്‍ശനം ഉള്‍പ്പെടെ മാറ്റിവച്ചിട്ടുണ്ട്‌. പുലര്‍ച്ചെ മുതല്‍ തന്നെ പ്രത്യേക പ്രദര്‍ശനങ്ങള്‍ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്‌. ഇതനുസരിച്ച്‌ ടിക്കറ്റ്‌ ബുക്കിങ്ങും സജീവമായിരുന്നു. സെന്‍സര്‍ഷിപ്പ്‌ കേസില്‍ വിധിപ്രസ്‌താവം മാറ്റിവച്ചതിനുപിന്നാലെ ടിക്കറ്റ്‌ ബുക്കിങ്‌ വെബ്‌സൈറ്റായ ബുക്ക്‌ മൈ ഷോയില്‍നിന്ന്‌ 'ബുക്ക്‌ ടിക്കറ്റ്‌' ഓപ്‌ഷന്‍ നീക്കിയതായാണു വിവരം. ഇത്‌ ഏതാനും നഗരങ്ങളില്‍ മാത്രമാണെന്നും സൂചനയുണ്ട്‌.
ഒരുമാസം മുമ്പ്‌ സമര്‍പ്പിച്ചിട്ടും ചിത്രത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചില്ലെന്നു നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്‌ അനുകൂല സമീപനമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന്‌ കഴിഞ്ഞ ആറിനു വാദം കേള്‍ക്കാന്‍ നിശ്‌ചയിച്ച മദ്രാസ്‌ ഹൈക്കോടതി പിന്നീട്‌ കേസ്‌ ഇന്നലത്തേക്കു മാറ്റുകയായിരുന്നു. എച്ച്‌. വിനോദ്‌ സംവിധാനം ചെയ്‌ത ചിത്രത്തില്‍ വിജയ്‌ക്കു പുറമേ പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിതാ ബൈജു, ഗൗതം വാസുദേവ്‌ മേനോന്‍, പ്രിയാമണി, നരെയ്‌ന്‍ തുടങ്ങി വമ്പന്‍ താരനിരയാണ്‌ അണിനിരക്കുന്നത്‌.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google