Thursday, March 19, 2026 Last Updated 13 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 06 Jan 2026 11.26 PM

നേപ്പാളില്‍ വര്‍ഗീയ കലാപം; അതിര്‍ത്തി അടച്ച്‌ ഇന്ത്യ, സംഘര്‍ഷകാരണം സാമൂഹിക മാധ്യങ്ങളിലൂടെ പ്രചരിച്ച വീഡിയോ

അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ അതിര്‍ത്തി കടന്നുള്ള യാത്രകളും ഇന്ത്യ പൂര്‍ണമായും തടഞ്ഞു. ആ രാജ്യത്തുനിന്നുവരുന്നവരെ കര്‍ശന നിരീക്ഷണത്തിനുശേഷമാണു കടത്തിവിടുന്നത്‌.
uploads/news/2026/01/819386/in1.jpg

കാഠ്‌മണ്ഡു: അയല്‍രാജ്യമായ ബംഗ്ലാദേശിനു പിന്നാലെ വര്‍ഗീയ കലാപത്തീയില്‍ നേപ്പാളും. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയുടെ പേരില്‍ തുടങ്ങിയ സംഘര്‍ഷം രാജ്യത്ത്‌ പടരുകയാണ്‌. ഇതോടെ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ അതിര്‍ത്തി കടന്നുള്ള യാത്രകളും ഇന്ത്യ പൂര്‍ണമായും തടഞ്ഞു. ആ രാജ്യത്തുനിന്നുവരുന്നവരെ കര്‍ശന നിരീക്ഷണത്തിനുശേഷമാണു കടത്തിവിടുന്നത്‌.

ബീഹാറുമായി അതിര്‍ത്തി പങ്കിടുന്ന ബിര്‍ഗഞ്ച്‌ നഗരത്തിലാണു വിദ്വേഷ വീഡിയോയുടെ പേരില്‍ സംഘര്‍ഷം തുടങ്ങിയത്‌. ഞായറാഴ്‌ചയോടെ സംഘര്‍ഷം വര്‍ഗീയ ചേരിതിരിവിനു കാരണമായി. പാര്‍സ ജില്ലയിലെ ബിര്‍ഗഞ്ച്‌ പട്ടണത്തിലെ പ്രതിഷേധങ്ങള്‍ അക്രമാസക്‌തമായതിനെത്തുടര്‍ന്ന്‌ ജില്ലാ അധികാരികള്‍ ഇന്നലെ വൈകുന്നേരം വരെ നിരോധനാജ്‌ഞ നീട്ടി.

ധനുഷ ജില്ലയിലെ കമല മുനിസിപ്പാലിറ്റിയില്‍നിന്നുള്ള ഹൈദര്‍ അന്‍സാരി, അമാനാത്‌ അന്‍സാരി എന്നിവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയാണു വിവാദമായത്‌. ആ വീഡിയോയില്‍ ചില മതവിഭാഗങ്ങള്‍ക്കെതിരേ അവഹേളനപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയതായി പരാതി ഉയര്‍ന്നു. ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റവും ഇരുവര്‍ക്കുമെതിരേ ചുമത്തി. പക്ഷേ, വീഡിയോ പ്രദേശത്തുടനീളം വൈറലാവുകയും ധന്‍ഷ, പാര്‍സ ജില്ലകളില്‍ സമുദായിക സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്‌തു. അതിനിടെയാണു കമല മുനിസിപ്പാലിറ്റിയിലെ ആറാം വാര്‍ഡില്‍ ഒരു മുസ്ലിം പള്ളിക്കു നേരേ ആക്രമണമുണ്ടായത്‌. അതോടെ സ്‌ഥിതി കൂടുതല്‍ വഷളായി.

നേപ്പാള്‍ പോലീസ്‌ നിരോധനാജ്‌ഞ പുറപ്പെടുവിച്ചെങ്കിലും സ്‌ഥിതി നിയന്ത്രണവിധേയമായിട്ടില്ല. അതോടെ ബിഹാറിലെ രക്‌സോല്‍ ജില്ലയ്‌ക്ക് സമീപമുള്ള അതിര്‍ത്തി ഇന്ത്യ പൂര്‍ണമായും അടച്ചു. അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ അതിര്‍ത്തി കടന്നുള്ള യാത്രകളും തടഞ്ഞു.
ഇതു രണ്ടാം തവണയാണു സാമൂഹിക മാധ്യമങ്ങള്‍ വഴി നേപ്പാളില്‍ കലാപം പടരുന്നത്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ അഴിമതി, രാഷ്‌ട്രീയക്കാരുടെ പ്രത്യേക അവകാശങ്ങള്‍, ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ എന്നിവയ്‌ക്കെതിരേ നേപ്പാളിലെ പുതുതലമുറ നിരത്തിലിറങ്ങുകയായിരുന്നു. പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ അന്നത്തെ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിക്ക്‌ രാജിവയ്‌ക്കേണ്ടിവന്നു. മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി നയിക്കുന്ന സര്‍ക്കാരാണ്‌ ഇപ്പോള്‍ നേപ്പാളിലുള്ളത്‌. ഈ വര്‍ഷം മാര്‍ച്ചില്‍ നേപ്പാളില്‍ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള നീക്കത്തിലാണ്‌ ഇടക്കാല സര്‍ക്കാര്‍.

ബംഗ്ലാദേശിലെ ഷെയ്‌ഖ് ഹസീന സര്‍ക്കാരും യുവതലമുറയുടെ സംഘര്‍ഷത്തെ തുടര്‍ന്നാണു പുറത്തായത്‌. നൊബേല്‍ പുരസ്‌കാര ജേതാവ്‌ മുഹമ്മദ്‌ യൂനിസ്‌ നയിക്കുന്ന സര്‍ക്കാരാണ്‌ ആ രാജ്യത്തുള്ളത്‌.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google