Thursday, March 19, 2026 Last Updated 1 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 01.37 PM

കോണ്‍ഗ്രസ് ബിജെപി ആകാന്‍ മടിക്കാത്ത നേതാക്കളുടെ കൂടാരം ; മറ്റത്തൂര്‍ കേരളം പിടിക്കാനുള്ള മോദി- ഷാ നീക്കത്തിന്റെ മിനിയേച്ചര്‍

uploads/news/2025/12/818035/LDF.jpg

കല്പറ്റ: ആശയപരമായി ആര്‍എസ്എസിനോട് കൂറ് പുലര്‍ത്തുന്ന അനുകൂല സാഹചര്യം വന്നാല്‍ ബിജെപി ആകാന്‍ മടിക്കാത്ത നേതാക്കളുടെ കൂടാരമാണ് കോണ്‍ഗ്രസ് എന്നും കേരളം പിടിക്കാനുള്ള മോദി- ഷാ നീക്കത്തിന്റെ മിനിയേച്ചര്‍ പതിപ്പാണ് മറ്റത്തൂരില്‍ കണ്ടതെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. മറ്റത്തൂര്‍ കൂറുമാറ്റ വിവാദത്തിലായിരുന്നു വിമര്‍ശനം.

അരുണാചല്‍ പ്രദേശ്, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലേത് പോലെ ഒരു മിനി പരീക്ഷണശാലയായി കേരളത്തിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മാറുകയാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സംഘപരിവാര്‍ സ്ലീപിങ്ങ് സെല്ലുകള്‍ ഉറങ്ങിയെഴുന്നേല്‍ക്കുക ബിജെപിയില്‍ ആയിരിക്കുമെന്ന് തീര്‍ച്ചയാണെന്നും കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഫീഖിന്റെ വിമര്‍ശനം.

എളുപ്പത്തില്‍ കടന്ന് കയറില്ലെന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് മൊത്തത്തില്‍ ബിജെപി ആയി മാറിയത് നിരവധി തവണ കണ്ടിട്ടുണ്ടെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത് ആവര്‍ത്തിക്കാന്‍ മടിക്കില്ലെന്ന് തീര്‍ച്ചയാണെന്നും കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ ജാഗ്രതയോടെ വോട്ട് ചെയ്യേണ്ടതുണ്ട് എന്നതിന്റെ സൂചനയാണ് മറ്റത്തൂര്‍ എന്നും കുറിച്ചു.

വരുന്ന തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് മുഖമുള്ള ബിജെപിയെ മാത്രമല്ല കോണ്‍ഗ്രസ് പൊയ്മുഖമുള്ള ആര്‍എസ്എസുകാരെയും കേരളത്തിലെ മതേതര വിശ്വാസികള്‍ ഭയക്കേണ്ടതുണ്ടെന്നും അവരെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയ ദൗത്യമാണെന്നും പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബിജെപി വളര്‍ന്ന് പന്തലിച്ച ഇടങ്ങളിലെല്ലാം അതിന് വഴിവെട്ടിയതും വളമിട്ടതും കോണ്‍ഗ്രസുകാര്‍ തന്നെയാണ്. എളുപ്പത്തില്‍ ബിജെപി കടന്ന് കയറില്ലെന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് മൊത്തത്തില്‍ ബിജെപി ആയി മാറിയതും നിരവധി തവണ നമ്മള്‍ കണ്ടിട്ടുള്ളതാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മാറാന്‍ കഴിയുമെന്ന് തെളിയിച്ച കോണ്‍ഗ്രസുകാരുടെ കണക്കെടുത്താല്‍ അത് ഈയൊരു കുറിപ്പില്‍ തീരുമോ?

അരുണാചല്‍ പ്രദേശ്, അസം, ത്രിപുര എന്നിവിടങ്ങളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസ് വിട്ടെത്തി ബിജെപിക്ക് വളമായി മാറിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്. ത്രിപുരയിലും അരുണാചലിലും ബിജെപി എങ്ങനെ ഭരണകക്ഷിയായി മാറി എന്ന് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അടപടലം ബിജെപിയായി മാറുകയായിരുന്നു എന്ന് കാണാന്‍ കഴിയും.

ഇതിന്റെ ഒരു മിനി പരീക്ഷണശാലയായി കേരളത്തിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മാറിയത് കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഗൗരവത്തില്‍ കാണേണ്ടതാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അടപടലം ബിജെപിയുമായി സന്ധിചെയ്തിനെ ത്രിപുരയില്‍ മണിക് സാഹയും കൂട്ടരും അരുണാചലില്‍ പേമ ഖണ്ഡുവും കൂട്ടരും ചെയ്തതിന്റെ തുടര്‍ച്ചയായി തന്നെ വേണം കാണാന്‍.

ഇതൊരു സൂചനയായി തന്നെ വേണം കാണാന്‍. കേരളം പിടിക്കാനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കത്തിന്റെ മിനിയേച്ചര്‍ പതിപ്പാണ് മറ്റത്തൂരില്‍ കണ്ടത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കാന്‍ ബിജെപി മടിക്കില്ലെന്ന് തീര്‍ച്ചയാണ്. നിന്ന നില്‍പ്പില്‍ ബിജെപിയായി മാറാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മടിയുണ്ടാകാനും വഴിയില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ ജാഗ്രതയോടെ വോട്ട് ചെയ്യേണ്ടതുണ്ട് എന്നതിന്റെ സൂചനയായും മറ്റത്തൂര്‍ മാറുന്നുണ്ട്.

കോണ്‍ഗ്രസ് ആയിരിക്കുമ്പോള്‍ തന്നെ ആശയപരമായി ആര്‍എസ്എസ് ആയിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം കര്‍ണ്ണാടകയിലും നമ്മള്‍ കാണുന്നുണ്ട്. സിദ്ധരാമയ്യ സര്‍ക്കാരിന്റെ ബുള്‍ഡോസറുകള്‍ മുസ്ലിം വിഭാഗത്തിന്റെ വീടുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ തകര്‍ത്തത് കോണ്‍ഗ്രസ് നേതാക്കള്‍ എവിടെ നില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്. യുപിയില്‍ യോഗി ആദിത്യനാഥ് മുസ്ലിം വീടുകള്‍ ബുള്‍ഡോസ് ചെയ്ത അനുഭവം ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ അതിലെ അപകടകരമായ സുചന നാട്ടിലെ ജനാധിപത്യ മതേതര വിശ്വാസികള്‍ തിരിച്ചറിഞ്ഞ് പോകണം. കര്‍ണ്ണാടക നിയമസഭയാല്‍ ആര്‍എസ്എസ് ഗണഗീതം പാടാന്‍ മടിക്കാത്ത ഡി കെ ശിവകുമാറാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രി എന്നതും ഈ ഘട്ടത്തില്‍ മറക്കരുത്.

അനുകൂല സാഹചര്യം വന്നാല്‍ ബിജെപി ആകാന്‍ മടിക്കാത്ത ആശയപരമായി ആര്‍എസ്എസിനോട് കൂറ് പുലര്‍ത്തുന്ന നേതാക്കളുടെ കൂടാരമാണ് കോണ്‍ഗ്രസ് എന്നാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് മുഖമുള്ള ബിജെപിയെ മാത്രം കേരളത്തിലെ മതേതര വിശ്വാസികള്‍ ഭയന്നാല്‍ പോര മറിച്ച് കോണ്‍ഗ്രസ് പൊയ്മുഖമുള്ള ആര്‍എസ്എസുകാരെയും ഭയക്കേണ്ടതുണ്ട്. കോണ്‍ഗ്രസിലെ സംഘപരിവാര്‍ സ്ലീപിങ്ങ് സെല്ലുകള്‍ നിയമസഭാ തെരത്തെടുപ്പ് കഴിയുന്നതോടെ ബിജെപിയില്‍ ഉറങ്ങി എഴുന്നേല്‍ക്കുമെന്ന് തീര്‍ച്ചയാണ്. ജാഗ്രത കൈമോശം വരാതെ ഇത്തരം സ്ലീപിങ്ങ് സെല്ലുകളെ കരുതിയിരിക്കുക പ്രതിരോധിക്കുക എന്നതും കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ ദൗത്യമാണ്. നമുക്ക് കരുതലോടെ ഇരിക്കാം.

Ads by Google
Monday 29 Dec 2025 01.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google