ഡിണ്ടിഗല്‍: ശബരിമല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്‌ഐടി പരിശോധന നടത്തി . ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്താനിരിക്കുകയാണ്. ബാലസുബ്രമണ്യൻ എന്നാണ് മണിയുടെ യഥാർത്ഥ പേര്.
ക്രൈംബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തില്‍ ചെന്നൈയിലും ദിണ്ടിഗലിലും രണ്ട് ടീമായി തിരിഞ്ഞാണ് എസ്‌ഐടിയുടെ അന്വേഷണം. ഇരുവരെയും പ്രാഥമികമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മണിയുടെ ചെന്നൈയിലെ ഓഫീസിലും ഇരുവരുടെയും ഡിണ്ടിഗലിലെ വീടുകളിലും എസ്‌ഐടി പരിശോധന നടത്തുന്നത്. വിഗ്രഹക്കടത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും മൊഴി. ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസില്‍ പ്രതിയാണ്.
ഡി മണിക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇടയില്‍ ഇടനിലക്കാരനായി നിന്നത് ശ്രീകൃഷ്ണന്‍ ആണെന്നാണ് എസ്‌ഐടി സംശയിക്കുന്നത്. ഇയാളും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. ഇരുവരെയും വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലേക്കും അന്വേഷണസംഘം കടന്നേക്കും. ശബരിമലയിലെ സ്വര്‍ണ്ണക്കടത്തുമായി ഇവരെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കും വിഗ്രഹ കടത്തുമായി ബന്ധമുണ്ടെന്ന് തന്നെയാണ് എസ്‌ഐടി ഉറപ്പിക്കുന്നത്. തെളിവുകള്‍ കണ്ടെത്താനായി കര്‍ണാടകയിലും ചെന്നൈയിലും ഇരുവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം എസ്‌ഐടി ഊര്‍ജ്ജിതമാക്കി.
വ്യവസായി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തു. ഏകദേശം രണ്ടു മണിക്കൂറായി ചോദ്യം ചെയ്തു . ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട പുരാവസ്തു കടത്ത് സംഘത്തിലുള്ളയാളണ് ഡി. മണി.
ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നെന്നാണ് വിവാദ വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി.
ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഡി മണിയെ പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്നാണ് പ്രവാസി വ്യവസായി മൊഴി നല്‍കിയിരുന്നു. ഡി മണിക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്താനും ശ്രമം നടന്നതായാണ് ആക്ഷേപം.
ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതന്‍ പണം വാങ്ങിയെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. മണിയെ എസ്‌ഐടി സംഘം രണ്ട് ദിവസമായി ചോദ്യം ചെയ്തുവരികയാണ്. പിന്നാലെ രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലേക്ക് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം എത്തിയിരുന്നു.