Thursday, March 19, 2026 Last Updated 3 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
ജി. അരുണ്‍
Wednesday 24 Dec 2025 08.35 AM

ഒടുവില്‍ കാരണം കണ്ടെത്തി സി.പി.എം.; 'തിരുവനന്തപുരത്ത് തോല്‍പിച്ചത്‌ ആര്യയും സംസ്‌ഥാനത്തു തിരിച്ചടിയായത്‌ വെള്ളാപ്പള്ളിയും, ശബരിമല സ്വര്‍ണപ്പാളി വിവാദവും'!

എല്ലാം ഭരണത്തിന്‌ വിട്ടുകൊടുത്ത്‌ പാര്‍ട്ടി മാറിനില്‍ക്കുന്നതാണ്‌ ഈ പ്രതിസന്ധികള്‍ക്കു കാരണമെന്ന്‌ നേതാക്കള്‍ തുറന്നടിച്ചത്‌ മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയെ ഉന്നമിട്ടായിരുന്നു.
uploads/news/2025/12/817452/1.jpg

തിരുവനന്തപുരം: തിരുവനന്തപുരത്തു തോല്‍ക്കാന്‍ കാരണം മേയര്‍ ആര്യ രാജേന്ദ്രന്‍ ആണെങ്കില്‍ സംസ്‌ഥാനത്തു തിരിച്ചടിയായത്‌ എസ്‌. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തോളില്‍ കൈയിടാന്‍ പോയതും ശബരിമല സ്വര്‍ണപ്പാളി വിവാദവുമാണെന്ന്‌ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിലയിരുത്തല്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നേതൃത്വത്തിനും വിമര്‍ശനമേറ്റു. ആര്യയെ സംരക്ഷിച്ചു മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ മുന്‍പ്‌ രംഗത്തുവന്നിരുന്നെങ്കിലും മുന്‍ മേയര്‍ വി.കെ. പ്രശാന്ത്‌ അടക്കമുള്ള നേതാക്കള്‍ മേയറായിരുന്ന ആര്യക്കെതിരേ പരസ്യമായി രംഗത്തെത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൈവിട്ടുപോകാന്‍ പ്രധാന കാരണം ആര്യ രാജേന്ദ്രന്റെ പ്രവര്‍ത്തന ശൈലിയാണെന്ന്‌ ഭൂരിഭാഗം അംഗങ്ങളും കുറ്റപ്പെടുത്തി. മേയറുടെ അഹങ്കാരവും ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും ഭരണത്തെ ദോഷകരമായി ബാധിച്ചുവെന്ന്‌ വി.കെ. പ്രശാന്ത്‌ തുറന്നടിച്ചു. ഇതിനു പുറമെ, ജില്ലയിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും തിരിച്ചടിയായി. ജില്ലാ സെക്രട്ടറി ഒരൊറ്റ നേതാവല്ല, മറിച്ച്‌ മൂന്ന്‌ പേരാണെന്ന പരിഹാസവും യോഗത്തിലുണ്ടായി. മൂന്ന്‌ തട്ടിലായി നില്‍ക്കുന്ന നേതൃത്വം തീരുമാനങ്ങള്‍ പരസ്‌പരം പരാജയപ്പെടുത്താനാണ്‌ ശ്രമിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിന്റെ രാഷ്‌ട്രീയമെന്താണെന്ന്‌ അംഗങ്ങള്‍ ചോദ്യംചെയ്‌തു. ഇത്‌ പാര്‍ട്ടി അണികളിലും പൊതുജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കി. പമ്പയിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനുമായി ഒരേ കാറില്‍ എത്തിയത്‌ തെറ്റായ സന്ദേശമാണ്‌ നല്‍കിയതെന്നും വെള്ളാപ്പള്ളിയുടെ പ്രസ്‌താവനകള്‍ എല്‍.ഡി.എഫിന്‌ ദോഷം ചെയ്‌തെന്നും കടുത്ത ഭാഷയിലാണ്‌ വിമര്‍ശനമുയര്‍ന്നത്‌. ബി.ജെ.പിയും കോണ്‍ഗ്രസും ശക്‌തരായ സ്‌ഥാനാര്‍ഥികളെ കളത്തിലിറക്കിയപ്പോള്‍ എല്‍.ഡി.എഫിന്‌ സ്വാധീനമുള്ളവരെ കണ്ടെത്താനായില്ല. സ്‌ഥാനാര്‍ഥി നിര്‍ണയം വൈകിയതും പലയിടത്തും സ്വയം പ്രഖ്യാപിത സ്‌ഥാനാര്‍ഥികള്‍ രംഗത്തെത്തിയതും പരാജയത്തിന്റെ ആക്കം കൂട്ടി.
എല്ലാം ഭരണത്തിന്‌ വിട്ടുകൊടുത്ത്‌ പാര്‍ട്ടി മാറിനില്‍ക്കുന്നതാണ്‌ ഈ പ്രതിസന്ധികള്‍ക്കു കാരണമെന്ന്‌ നേതാക്കള്‍ തുറന്നടിച്ചത്‌ മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയെ ഉന്നമിട്ടായിരുന്നു.
പത്മകുമാറിനെതിരായ നടപടി വൈകുന്നതിനെ എം.വി. ഗോവിന്ദന്‍ ന്യായീകരിച്ചെങ്കിലും, ശബരിമല വിഷയം തിരിച്ചടിയായെന്ന്‌ ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ആഘാതം നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന കുറ്റസമ്മതവും പാര്‍ട്ടി വേദിയിലുണ്ടായി. ജില്ലയില്‍ മൂന്ന്‌ ഗ്രൂപ്പുകളായി തിരിഞ്ഞ നേതൃത്വം പരസ്‌പരം കാലുവാരിയെന്ന വിമര്‍ശനവുമുണ്ടായി.

Ads by Google
ജി. അരുണ്‍
Wednesday 24 Dec 2025 08.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google