Thursday, March 19, 2026 Last Updated 3 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Friday 19 Dec 2025 02.36 AM

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി : മേല്‍ക്കോടതികളുടെ വിധി അനിവാര്യം; തല്‍ക്കാലം ദിലീപ് നിയമ നടപടിക്കില്ല

ഹൈക്കോടതിയില്‍ നല്‍കുന്ന അപ്പീലിന്റെ വിധി എതിരാകുന്നപക്ഷം കക്ഷികള്‍ സുപ്രീം കോടതിയെ സമീപിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി വിധികൂടി അറിഞ്ഞശേഷമകും ദിലീപ് നിയമപടപടി സ്വീകരിക്കുന്നതില്‍ തീരുമാനമെടുക്കുക.
uploads/news/2025/12/816766/dileep-0.jpg

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വെറുതെവിട്ടെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ദിലീപ് തല്‍ക്കാലം നിയമ നടപടിക്കില്ല. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കുന്ന അപ്പീലിന്റെ വിധി അറിഞ്ഞശേഷമാകും തീരുമാനം. അപ്പീല്‍ വിധി എതിരാകുന്നപക്ഷം കക്ഷികള്‍ സുപ്രീം കോടതിയെ സമീപിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി വിധികൂടി അറിഞ്ഞശേഷമകും ദിലീപ് നിയമപടപടി സ്വീകരിക്കുന്നതില്‍ തീരുമാനമെടുക്കുക.

'മലേഷ്യസ് പ്രോസിക്യുഷ'ന് (ദുരുദ്ദേശപരമായ പ്രോസിക്യൂഷന്‍) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കണമെങ്കില്‍ സുപ്രീംകോടതിയുടെ തീര്‍പ്പിനുശേഷമാകണം. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണന്‍ ഇത്തരത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹര്‍ജി നല്‍കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നമ്പി നാരായണന് സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു സുപ്രീംകോടതി വിധി.
തനിക്കെതിരേയാണു ഗൂഢാലോചന നടന്നതെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണു ദിലീപിന്റെ വാദം. അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവര്‍ നിശ്ചയിച്ച ക്രിമിനല്‍ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണു തന്നെ കേസില്‍ കുടുക്കിയതെന്നാണു കുറ്റവിമുക്തനാക്കപ്പെട്ടതിനു പിന്നാലെ ദിലീപ് ആരോപിച്ചത്. മാധ്യമങ്ങള്‍ അതിന് ഒത്താശ ചെയ്‌തെന്നും ദിലീപ് ആക്ഷേപിച്ചിരുന്നു.

വെറുതെവിട്ട കോടതി വിധിക്കു പിന്നാലെ അഭിഭാഷകനായ ബി. രാമന്‍ പിള്ളയെ കാണാനെത്തിയ ദിലീപ്, തുടര്‍ നിയമനടപടിയെക്കുറിച്ച് അദ്ദേഹവുമായി പ്രാഥമിക ചര്‍ച്ചയും നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അന്നത്തെ അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണു ദിലീപ് പറയുന്നത്. ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹൈകോടതി അനുവദിച്ചില്ല. നിലവില്‍ പ്രത്യേക അന്വേഷണം നടത്തുന്ന കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ തീര്‍പ്പ്. എന്നാല്‍, ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നു വിചാരണകോടതി ഉത്തരവിട്ട സഹാചര്യത്തിലാണു ദിലീപ് നഷ്ടപരിഹാര സാധ്യത തേടുന്നത്. അടുത്തമാസം പകുതിയോടെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കേസ് പഠിച്ചു നിയമവശങ്ങള്‍ പരിശോധിച്ചു ഹര്‍ജി തയാറാക്കാന്‍ കൂടുതല്‍ പസമയം വേണമെന്നാണു പ്രോസിക്യൂഷന്റെ അഭിപ്രായം. പ്രതിയെ വെറുതെവിട്ടതിനെതിരേ അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി (ലീവ്) ആവശ്യമാണ്.

അക്കൗണ്ട് മരവിപ്പിച്ചത്
മാറ്റാനാവില്ല

കൊച്ചി: പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ട് മരവിപ്പിച്ചതു പുനഃപരിശോധിക്കാനാവില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണകോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നതിനാല്‍, പണം ഇപ്പോള്‍ വിട്ടുകൊടുക്കാനാവില്ല. നടിയെ ആക്രമിച്ചതിനു പ്രതിഫലമായി ദിലീപ് നല്‍കിയ പണമാണ് അമ്മ ശോഭനയുടെ അക്കൗണ്ടില്‍ സുനി നിക്ഷേപിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ദിലീപ് ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നു കോടതി കണ്ടെത്തിയതിനാല്‍ പണം വിട്ടുനല്‍കണമെന്നാണ് ശോഭനയുടെ ആവശ്യം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മറ്റാരും ആശ്രയമില്ലാത്തതിനാല്‍, ചികിത്സയ്ക്കു ഈ പണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. അപേക്ഷയില്‍ ഉടന്‍ വിധി നല്‍കാമെന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ അറിയിച്ചു.
ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നല്‍കി മരവിപ്പിച്ചത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Friday 19 Dec 2025 02.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google