ഏറ്റവും മികച്ച ഡാന്‍സര്‍ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന് കീര്‍ത്തി സുരേഷ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തി. താന്‍ ആരെയും മോശമാക്കി കാണിക്കാന്‍ അല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ റിവോള്‍വര്‍ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
'ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് അതിയായ താൽപര്യമുണ്ട്. അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാൻ അത് പറഞ്ഞത്. എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ഒരിക്കൽ ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്. അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്', കീർത്തി സുരേഷിന്റെ വാക്കുകൾ.
അതേസമയം കീര്‍ത്തിയുടെ പുതിയ ചിത്രം റിവോള്‍വര്‍ റീത്ത നാളെ തിയേറ്ററുകളില്‍ എത്തും. രാധിക, സുനില്‍, ജോണ്‍ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. ജെ കെ ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണം സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി.