Tuesday, March 17, 2026 Last Updated 12 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 01.06 PM

' കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് അഹാനയുടെ മെസേജ്, നിമിഷിനെ വളരെക്കാലമായി അറിയാം, അവളോട് പറഞ്ഞത് ഒരേയൊരു കാര്യം' ; കൃഷ്ണകുമാര്‍

about, with

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ച് പറയുകയാണ് കൃഷ്ണകുമാര്‍. പ്രശസ്ത ഛായാഗ്രാഹകന്‍ നിമിഷ് രവിയെയാണ് അഹാന വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ മക്കളുടെ വിവാഹത്തെക്കുറിച്ചും പുതിയ മരുമക്കളെക്കുറിച്ചും കുടുംബജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെക്കുറിച്ചും താരം മനസ്സ് തുറന്നത്.

'അഹാന കഴിഞ്ഞ ദിവസം താൻ വിവാഹിതയാകാൻ തയാറെടുക്കുന്നു എന്നൊരു മെസ്സേജ് അയച്ചിരുന്നു. അപ്പോൾ ഞാൻ അവളോട് പറഞ്ഞത് ഒരേയൊരു കാര്യമാണ്, 'മറ്റേ കാര്യം ഓർമ്മയുണ്ടല്ലോ' എന്ന്. ബാക്കിയെല്ലാം ശരിയാണ്, പക്ഷേ ആ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി; ദിയയുടെ വിവാഹം സ്വന്തം ചെലവിലാണ് നടന്നതെന്നാണ് ഞാൻ അവളെ ഓർമിപ്പിച്ചത്. സത്യത്തിൽ, വിവാഹക്കാര്യം വീട്ടിൽ വന്ന് ഔദ്യോഗികമായി അവതരിപ്പിക്കേണ്ട സാഹചര്യം ഞങ്ങളുടെ മക്കൾക്കില്ല. കാരണം, അവർ വിവാഹം കഴിക്കാൻ പോകുന്നവരൊക്കെ നേരത്തെ തന്നെ ഞങ്ങളുടെ വീട്ടിൽ വരുന്നവരും ഞങ്ങൾക്ക് പരിചയമുള്ളവരുമാണ്. എന്റെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു; അന്ന് ഞാൻ സിന്ധുവിനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു.

നമുക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യം എന്താണെന്നറിയുമോ? മക്കൾ ഓരോരുത്തരും വിവാഹം കഴിക്കാൻ പോകുന്നത് ആരെയാണെന്ന് അവർക്കും എനിക്കും കൃത്യമായി അറിയാം. അത് കാര്യങ്ങൾ എത്രയോ എളുപ്പമാക്കി മാറ്റുന്നു. ഇന്ന ആളാണ്, ഇന്ന സ്ഥലത്തുനിന്നാണ് എന്നൊക്കെ വ്യക്തമായതുകൊണ്ട് എല്ലാം വളരെ സുഗമമായി. അശ്വിനെയും നിമിഷിനെയും അർജുനെയുമൊക്കെ വളരെക്കാലമായി അറിയാവുന്ന കുട്ടികളാണ്. വിവാഹം കഴിക്കാൻ പോകുന്ന പയ്യനെക്കുറിച്ച് അന്വേഷിക്കാൻ രഹസ്യമായി ആളെ വിടുകയോ മറ്റുള്ളവരോട് ചോദിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

യഥാർഥത്തിൽ ഇവരെക്കാളൊക്കെ കുഴപ്പങ്ങൾ ഉണ്ടായിരുന്ന ആളാണ് ഞാൻ. എന്നെക്കുറിച്ച് ആരും അന്വേഷിക്കാത്തതുകൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടുപോയി; അന്വേഷിച്ചിരുന്നെങ്കിൽ എല്ലാം അന്ന് തന്നെ പൊളിഞ്ഞു പോയേനെ. നമ്മളെക്കാൾ നല്ലവരായ കുട്ടികളെയാണ് അവർക്ക് ലഭിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ എനിക്ക് വലിയ സമാധാനവും സന്തോഷവുമുണ്ട്. ഇപ്പോൾ എന്ത് ആവശ്യമുണ്ടെങ്കിലും എനിക്ക് അവരോട് ധൈര്യമായി പറയാം; 'അശ്വിൻ അത് ചെയ്തേക്കണേ', 'അർജുൻ അങ്ങനെയാണേ', 'നിമിഷ് ഇങ്ങനെയാണേ' എന്നിങ്ങനെ.

മറ്റൊരു പ്രധാന കാര്യം, നിമിഷിന്റെ അച്ഛൻ രവിയും ഞാനുമായി 30-33 വർഷത്തെ ദീർഘകാല ബന്ധമുണ്ട്. അദ്ദേഹം സിനിമയിലെ പഴയൊരു നിർമ്മാതാവായിരുന്നു. അവരെ അറിയാവുന്നത് കൊണ്ട് തന്നെ കാര്യങ്ങൾ എത്രയോ സൗകര്യമായി. അഹാനയും നിമിഷുമൊക്കെ പണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്തിരുന്ന കാലത്താണ് ഞാൻ അവനെ ആദ്യമായി പരിചയപ്പെടുന്നത്. അവർ കുറെ സുഹൃത്തുക്കൾ ചേർന്നാണ് അന്ന് പ്രവർത്തിച്ചിരുന്നത്. അന്നത്തെ ആ സൗഹൃദത്തിന് ശേഷം നിമിഷിന്റെ കരിയറിൽ വലിയ വളർച്ചയാണുണ്ടായത്. അവന്റെ അച്ഛന് സിനിമയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. സിനിമയിൽ പണം നിക്ഷേപിക്കുകയും അത് നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണദ്ദേഹം.

ആ മനുഷ്യൻ അന്ന് അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ദൈവം നൽകുന്ന പ്രതിഫലമായിരിക്കും മക്കളിലൂടെ ഇന്ന് ലഭിക്കുന്ന ഈ വിജയം. അത്രമേൽ മികച്ച വിജയമാണ് ദൈവം അവർക്ക് നൽകിയിരിക്കുന്നത്. ഞാൻ വളരെ കുറച്ചുമാത്രമേ നിമിഷുമായി ഇടപെട്ടിട്ടുള്ളൂ എങ്കിലും അവൻ അങ്ങേയറ്റം വിനയമുള്ള ലളിതമായ സ്വഭാവത്തിന് ഉടമയാണ്. അത് അവന്റെ മാതാപിതാക്കളുടെ ഗുണമായിരിക്കും', കൃഷ്ണകുമാറിന്റെ വാക്കുകൾ.

Ads by Google
Tuesday 17 Mar 2026 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google