Saturday, March 21, 2026 Last Updated 21 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 07.45 AM

ദേവസ്വം മന്ത്രിയുടെ രാജിആവശ്യം ; ശബരിമല സ്വര്‍ണ്ണത്തില്‍ നിയമസഭ ഇന്നും ഇളകി മറിയും

uploads/news/2025/10/804451/niyamasabha.jpg

തിരുവനന്തപുരം: ശബരിമല 'സ്വര്‍ണത്തില്‍' തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭയില്‍ വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷം. ശബരിമല വിഷയം ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ഉന്നയിക്കും. ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ തിരിമറി നടന്ന സംഭവത്തിലെ ഹൈക്കോടതി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്നലെ രണ്ടാം ദിവസവും പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി.

ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷബഹളം. ഇതേ ആവശ്യം ഇന്നും ഉയര്‍ത്തും. കഴിഞ്ഞ ദിവസത്തെ പോലെ സ്പീക്കറുടെ മുന്നില്‍ ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയതോടെ സഭാനടപടികള്‍ പൂര്‍ത്തിയാക്കി ബില്ലുകള്‍ പാസാക്കി സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പം ഉയര്‍ന്ന വിലയ്ക്കു വില്‍പന നടത്തിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

പവിത്രമായ ദ്വാരപാലകശില്‍പം ഏതു കോടീശ്വരനാണ് വിറ്റതെന്ന് സി.പി.എം പറയണം. ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോര്‍ഡ് വഞ്ചിച്ചു. ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോര്‍ഡിനെ പുറത്താക്കണം. തീരുമാനം ഉടനുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

ഉന്നത നീതിപീഠത്തില്‍ പ്രതിപക്ഷത്തിനു വിശ്വാസം നഷ്ടപ്പെട്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. രാഷ്ട്രീയക്കളിയുമായി ഇങ്ങോട്ടു വരരുതെന്ന് ഇന്നലെയാണ് ഒരു കോണ്‍ഗ്രസ് അംഗത്തോട് സുപ്രീംകോടതി പറഞ്ഞത്. പ്രതിപക്ഷത്തിന് കോടതിയെയും ജനത്തെയും പേടിയാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രകോപിതരായി. സഭ മുമ്പോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് സ്പീക്കറും ഉറപ്പിച്ചു. തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം 'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' എന്ന ബാനറുമായാണ് സഭയില്‍നിന്നു പുറത്തേക്കുവന്നത്.

Ads by Google
Wednesday 08 Oct 2025 07.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google