മലപ്പുറം: ബിജെപി ഉള്‍പ്പെടെ ആരുടെ പിന്തുണയും സ്വീകരിക്കുമെന്ന് മങ്കടയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദ്. മങ്കടയില്‍ പൊതുസ്വതന്ത്രന്‍ ആയാണ് മത്സരിക്കുന്നത്. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ചില കാര്യങ്ങള്‍ പറയാനുണ്ട്, നാളെ വിശദമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലിക്കെതിരെയാണ് ലീഗ് മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി മത്സരിക്കുന്നത്. നേരത്തെ അലിക്കെതിരെ പ്രതിഷേധിച്ചതിന് കുന്നത്ത് മുഹമ്മദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇന്ന് രാവിലെയാണ് കുന്നത്ത് മുഹമ്മദ് മലപ്പുറം ഡെപ്യൂട്ടി കളക്ടർക്ക് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാർ ആണ് കുന്നത്ത് മുഹമ്മദിന് കെട്ടിവെയ്ക്കാൻ പണം നൽകിയത്.
മുസ്ലീം ലീഗിനെ ആശങ്കയിലാക്കുന്ന മണ്ഡലമാണ് പെരിന്തൽമണ്ണ. കഴിഞ്ഞ തവണ വെറും 579 വോട്ടുകൾക്കാണ് ലീഗ് സ്ഥാനാർഥി മഞ്ഞളാംകുഴി അലി മണ്ഡലത്തിൽ വിജയിച്ചത്. ഈ സാഹചര്യത്തിൽ ഇത്തവണ മണ്ഡലം കൈവിട്ടുപോയേക്കുമോയെന്ന ആശങ്കകളാണ് മുസ്ലീം ലിഗിനെ അലട്ടുന്നത്. അതേസമയം മങ്കട മണ്ഡലത്തില്‍ മഞ്ഞളാംകുഴി അലി മത്സരിക്കാനുള്ള ചരടുവലികൾക്കെതിരെ ഒരു വിഭാഗം ലീഗ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്.