ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞു. കുപ്പികൾ വാഹനം മറിഞ്ഞ് പുറത്ത് ചാടിയതോടെ മദ്യകുപ്പികളാണെന്ന് കരുതി നൂറുകണക്കിനാളുകളാണ് ഓടിയെത്തിയത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ തന്നെ ആശുപത്രിയിൽ എത്തിക്കാൻ അഭ്യർത്ഥിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ട്.
ഒടുവിൽ സംഭവം അറിഞ്ഞ് പോലീസ് എത്തുവരെ ഡ്രൈവർ അപകട സ്ഥലത്ത് നിന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് അപകടമുണ്ടായത്. തംസ് അപ്പ്, സ്പ്രൈറ്റ് കുപ്പികൾ നിറച്ച ട്രക്ക് അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നു. പിന്നാലെ വാഹനത്തിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ കുപ്പികൾ മറിഞ്ഞു, മദ്യം കൊണ്ട് പോകുന്ന വാഹനം മറിഞ്ഞെന്ന് തെറ്റിദ്ധരിച്ചെത്തിയ പ്രദേശവാസികൾ കിട്ടിയ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി സ്ഥലം വിട്ടു. പിന്നാലെ നൂറുകണക്കിനാളുകളാണ് കുപ്പികൾ ശേഖരിക്കാനായെത്തിയത്. ഓടിക്കൂടുന്ന ആളുകളിൽ ചിലർ ലൂട്ട് ലോ എന്ന് വിളിച്ച് പറയുന്നതും കേൾക്കാം.
ചിലർ തിരക്കിനിടെ താഴെ വീഴുന്നു. ആളുകൾ തങ്ങൾക്ക് കൊണ്ട് പോകാൻ കഴിയുന്നത്രയും കുപ്പികളും ശേഖരിച്ചാണ് പോകുന്നത്. പരിക്കേറ്റ ഡ്രൈവറും സഹായിയും ജനക്കൂട്ടത്തോട് കുപ്പി മോഷ്ടിക്കുന്നത് നിർത്താനും തങ്ങളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും ഇരുവരെയും ശ്രദ്ധിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.