Saturday, March 21, 2026 Last Updated 23 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 07.30 AM

ശബരിമലയിലേത് ചെമ്പ് പാളികളെന്ന് മഹ്സര്‍ ; സ്വര്‍ണ്ണമോഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു നിഗമനം

uploads/news/2025/10/804307/sabarimala-gold.jpg

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. 2019 ലെ മഹ്സറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നാണ് എഴുതിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നുമുള്ള നിഗമനത്തിലാണ് ദേവസ്വം വിജിലന്‍സ്.

വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2024 ല്‍ നവീകരിക്കാനായി വീണ്ടും സ്വര്‍ണപ്പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെടുകയായിരുന്നെന്നും എന്നാല്‍ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു എന്നും അന്വേഷണം സംഘം കണ്ടെത്തി.

1998-99 ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൊതിഞ്ഞതും പിന്നീട് തൂക്കം കുറഞ്ഞത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ അറിവുണ്ടെന്ന് വ്യക്തമാണെന്നും ഒന്നരക്കിലോഗ്രാമില്‍ കുറയാതെ തൂക്കത്തില്‍ സ്വര്‍ണം പൊതിഞ്ഞതിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ, മഹ്സറില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചെമ്പുപാളികള്‍ എന്ന് വിശദീകരിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്‍ണപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷവും ബാക്കി വന്ന സ്വര്‍ണം തന്റെ പക്കല്‍ ഉണ്ടെന്നും അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ചതെന്ന് കരുതുന്ന സന്ദേശത്തിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 2019 ഡിസംബര്‍ 9 നും 17 നുമായാണ് ഇ-മെയില്‍ അയച്ചത്.

അതിനിടെ ദേവസ്വം വിജിലന്‍സ് എസ് പി സന്നിധാനത്തെത്തി. മുദ്രവെച്ച ദ്വാരപാലക ശില്‍പ്പങ്ങള്‍ എസ്പി പരിശോധിക്കും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്നലെ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ഹൈക്കേടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘം ഉടന്‍ യോഗം ചേരും. എഡിജിപി എച്ച് വെങ്കിടേഷ് ആണ് സംഘത്തെ നയിക്കുന്നത്.

Ads by Google
Tuesday 07 Oct 2025 07.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google