Saturday, March 21, 2026 Last Updated 14 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 03 Oct 2025 08.12 PM

മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു

പത്മഭൂഷണ്‍, സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്
uploads/news/2025/10/803736/13.gif
photo - twitter

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് (97) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നാലെ മരണം സ്ഥിരീകരിച്ചു . സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്.

മജിസ്‌ട്രേറ്റ് ആയിരുന്ന ടി ടി ജേക്കബിന്റെയും ചാച്ചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനാണ് തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി ജെ എസ് ജോര്‍ജിന്റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. 1950ല്‍ മുംബൈയിലെ ഫ്രീപ്രസ് ജേര്‍ണലിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജ സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഇസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചു.

1965ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ ബി സഹായിയെ ധിക്കരിച്ച് പട്‌ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിനാണ് അദ്ദേഹത്തെ തടവിലാക്കിയത്.പ്രതിരോധമന്ത്രി വി കെ കൃഷ്ണമോനോനാണ് അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനെത്തിയ . അന്ന് ടി ജെ എസ് ജോര്‍ജിന് 37 വയസായിരുന്നു. പട്‌നയില്‍ സര്‍ച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് സംഭവം. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്.

2011ലാണ് രാജ്യം ടി ജെ എസ് ജോര്‍ജിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. 2017ലാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ലഭിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ 25 വര്‍ഷത്തോളം ചെയ്ത പോയിന്റ് ഓഫ് വ്യൂ എന്ന കോളം ഏറെ ശ്രദ്ധേയമായിരുന്നു. 2022ല്‍ 94ാം വയസിലാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം വിടപറയുന്നത്. 57 വര്‍ഷത്തെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തിനായിരുന്നു അന്ന് വിരാമമായത്. പത്രപ്രവര്‍ത്തനത്തോടൊപ്പം നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. വി കെ കൃഷ്ണമേനോന്‍, എം എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീ ക്വാന്‍ യ്യൂ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളും അദ്ദേഹം രചിച്ചു.

Ads by Google
Friday 03 Oct 2025 08.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google