കട്ടപ്പന: കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നവീകരണപ്രവർത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കട്ടപ്പന പാറക്കടവിനുസമീപം ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ആദ്യം ഓടയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മൂവരെയും കാണാതായതോടെ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദാരുണമായ അപകടത്തിനാണ് കട്ടപ്പന സാക്ഷിയായത്. രാത്രി പന്ത്രണ്ടോടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.