Saturday, March 21, 2026 Last Updated 2 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 11.00 AM

ദ്വാരപാലക ശില്‍പങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവം ; ഗൂഢാലോചന സംശയിക്കുന്നതായി മന്ത്രി

uploads/news/2025/09/803253/vn-vasavan.jpg

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവത്തില്‍ ആസൂത്രിത ഗൂഢാലോചന സംശയിക്കുന്നതായി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. നാലരവര്‍ഷമായി പീഠം എവിടെയാണെന്നത് സംബന്ധിച്ച വിവരം ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിപ്പിച്ചുവെച്ച് ആളുകളെ വിഡ്ഢികളാക്കിയെന്നും ഇയാള്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായെന്നും മന്ത്രി പറഞ്ഞു.

വിഷയം കോടതിയുടെ പരിഗണനയിലാണ്. നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ശബരിമലയില്‍ വലിയ രീതിയില്‍ അഴിമതി നടക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി. അവരുടെ ഭരണകാലത്തെ ഓര്‍മകള്‍വെച്ചാകും പ്രതിപക്ഷം ആ രീതിയില്‍ പ്രതികരിച്ചതെന്ന് മന്ത്രി പറഞ്ഞു. തന്നെ മോഷ്ടാവാക്കാന്‍ ശ്രമം നടത്തിയതിന് ആര് സമാധാനം പറയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അദ്ധ്യക്ഷനും ചോദിച്ചു. ആഗോള അയ്യപ്പസംഗമത്തെ ആക്ഷേപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും ഇത് വന്നത് ആഗോള അയ്യപ്പസംഗമത്തിന് അഞ്ചുദിവസം മുമ്പാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

പീഠം കാണാതായെന്ന് ആരോപണമുന്നയിച്ചയാളുടെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ് ദേവസ്വം വിജിലന്‍സ് പീഠം കണ്ടെത്തിയത്. ശബരിമലയില്‍ ദ്വാരപാലക ശില്‍പം സ്‌പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ പോറ്റിയാണു ശില്‍പത്തിന്റെ സ്വര്‍ണപീഠം കാണാതായെന്നു പരാതി നല്‍കിയത്. ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണപീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചത്. എന്നാല്‍ ഈ പീഠം വെഞ്ഞാറമൂട്ടില്‍ സ്‌പോണ്‍സറുടെ സഹോദരിയുടെ വീട്ടില്‍നിന്നും കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പീഠം തിരുവനന്തപുരത്തെ സ്േ്രടാങ് റൂമിലേക്ക് വിജിലന്‍സ് മാറ്റി.

ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൈക്കോടതിയില്‍ പീഠങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ നിയോഗിച്ചു. വിജിലന്‍സ് സംഘം ദേവസ്വം ബോര്‍ഡിന്റെ എല്ലാ സ്രേ്ടാങ് റൂമുകളും പരിശോധിച്ചിരുന്നു. എന്നാല്‍ ആരോപണമുന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍നിന്നുതന്നെ ഈ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഹൈക്കോടതി നിലപാട് നിര്‍ണായകമാകും.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. വീട്ടിലും പരിശോധന നടത്തി. തിരുവനന്തപുരത്തെ വീട്ടിലും ബംഗളൂരുവിലെ വീട്ടിലുമാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. അന്ന് ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചുനല്‍കാനും തീരുമാനിച്ചു.

ചെന്നൈയിലെ സ്ഥാപനം പീഠം നിര്‍മിക്കുകയും ചെയ്തു. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു. പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഇതിനിടെയാണ് സ്വര്‍ണപാളികള്‍ അനുമതിയുമില്ലാതെ ചെന്നൈയില്‍ കൊണ്ടു പോയ സംഭവം ഹൈക്കോടതിയില്‍ എത്തുന്നത്. ഇതിനിടെ പീഠം കാണാനില്ലെന്ന വെളിപ്പെടുത്തലും ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തി.

വാസുദേവന്‍ എന്ന ജോലിക്കാരന്റെ വീട്ടിലാണ് പീഠം ആദ്യം സൂക്ഷിച്ചിരുന്നത്. 2021 മുതല്‍ ഇയാളുടെ വീട്ടിലെ സ്വീകരണ മുറിയില്‍ പീഠം ഉണ്ടായിരുന്നു എന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ കോടതി ഇടപെട്ടതോടെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയിലും ആരോപണങ്ങളിലും ദുരൂഹതയുണ്ടെന്നാണു വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

Ads by Google
Monday 29 Sep 2025 11.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google