Saturday, March 21, 2026 Last Updated 0 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Sep 2025 10.17 PM

ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയസിന്ദൂ​‍രം ചാര്‍ത്തിത്തന്ന് തിലക് വര്‍മ; തീപാറിയ പോരാട്ടത്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി

uploads/news/2025/09/803145/thilak-varma2.jpg

സ്റ്റാര്‍ ബാറ്റര്‍മാര്‍ നാലോവറിനുള്ളില്‍ കൂടാരം കയറിയ കളിയില്‍ തിലക് വര്‍മയുടെയും ശിവം ദുബെയുടേയും ഉജ്ജ്വലപോരാട്ടത്തിന്റെ മികവില്‍ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്. കലാശപ്പോരിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. സ്കോര്‍ പാക്കിസ്ഥാന്‍ -146 റണ്ണിന് ഓള്‍ഔട്ട്. ഇന്ത്യ- 150 (19.4 ഓവര്‍). 146 റൺസ് പിന്തുടർന്ന ഇന്ത്യ തുടക്കത്തിൽ വൻ തകർച്ച നേരിട്ടെങ്കിലും 53 പന്തില്‍നിന്ന് പുറത്താകാതെ തിലക് വര്‍മ നേടിയ 69 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ല്. ശിവം ദുബെ 22 പന്തില്‍നിന്ന് 33 റണ്‍സെടുത്തു.

ഫൈനലില്‍ പാക്കിസ്ഥാനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മങ്ങിയ തുടക്കമായിരുന്നു. നാലോവറില്‍ 20 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും ക്യാപ്റ്റനും കൂടാരം കയറി. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയെയും (6 പന്തില്‍ 5) ശുഭ്‍മന്‍ ഗില്ലിനെയും (10 പന്തില്‍ 12) ഫഹീം അഷ്റഫ് പുറത്താക്കി. ഷഹീന്‍ ഷാ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. ഒരു റണ്‍സെടുത്ത സൂര്യകുമാറിനെ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ കൈപ്പിടിയിലൊതുക്കുകയായിരുന്നു. രണ്ട് ഫോറും ഒരു സിക്സുമായി മികച്ച തുടക്കം കിട്ടിയിട്ടും സഞ്ജുവിന് മുതലാക്കാനായില്ല. 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജുവിനെ അബ്രാര്‍ മടക്കി. സഞ്ജു പുറത്തായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

തുടർന്നെത്തിയ ശിവം ദുബെ, തിലക് വർമക്ക് മികച്ച പിന്തുണയേകിയതോടെ ഇന്ത്യ കൈവിട്ട കളി തിരിച്ചുപിടിക്കുകയായിരുന്നു. 22 പന്തിൽ 33 റൺസെടുത്ത ശിവം ദുബൈ പുറത്താവുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ആറ് പന്തിൽ 10. ഹാരിസ് റൗഫ് എറിഞ്ഞ ഓവറിൽ ആദ്യ നാല് പന്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. റിങ്കു സിങ് (4) പുറത്താകാതെ നിന്നു.

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 146 റണ്ണിന് ഓള്‍ഔട്ടായി. ടോസ് നേടിയ നായകന്‍ സൂര്യകുമാര്‍ യാദവ് പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഒന്നു പേടിച്ചു. ഓപ്പണര്‍മാരായ സാഹിബ്‌സാദ ഫര്‍ഹാനും (38 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 57) ഫഖര്‍ സമാനും (35 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 46) എന്നിവര്‍ മികച്ച തുടക്കം നല്‍കിയതോടെ പേടി അസ്ഥാനത്തല്ലെന്നു തോന്നിച്ചു.

പരുക്കേറ്റു പുറത്തായ ഹാര്‍ദിക് പാണ്ഡ്യക്കു പകരം ശിവം ദുബെയാണ് ബൗളിങ് ഓപ്പണ്‍ ചെയ്തത്. ദുബെയും ജസ്പ്രീത് ബുംറയും പവര്‍പ്ലേയുടെ ചൂടറിഞ്ഞു. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ 50 ലെത്തി. 35 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന സാഹിബ്‌സാദയാണ് ആക്രമണത്തില്‍ മുന്നില്‍ നിന്നത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പത്താം ഓവറില്‍ ആദ്യ വിക്കറ്റ് വീണു. സാഹിബ്‌സാദ ഫര്‍ഹാനെ തിലക് വര്‍മ പിടികൂടിയതോടെ കൂട്ടുകെട്ട് പിരിഞ്ഞു. നിറംമങ്ങിക്കളിക്കുന്ന സായിം അയൂബ് (11 പന്തില്‍ 14) സമാനൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ 12-ാം ഓവറില്‍ നൂറിലെത്തി. അയൂബിനെ ബുംറയുടെ കൈയിലെത്തിച്ച് കുല്‍ദീപ് യാദവ് വിക്കറ്റ് വേട്ട തുടങ്ങി. മുഹമ്മദ് ഹാരിസിനെ (0) അക്ഷര്‍ പട്ടേലും ഫഖര്‍ സമാനെ വരുണും പുറത്താക്കിയതോടെ റണ്ണെടുക്കലിന്റെ വേഗം കുറഞ്ഞു.

കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എത്തിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. 20 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് പാകിസ്താന് ഏഴു വിക്കറ്റുകള്‍ നഷ്ടമായത്. നായകന്‍ സല്‍മാന്‍ ആഗയെ (എട്ട്) കുല്‍ദീപ് യാദവിന്റെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പുറത്താക്കി. അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ഹുസൈന്‍ തലാതിനെയും (ഒന്ന്) സഞ്ജു ക്യാച്ചെടുത്തു. മുഹമ്മദ് നവാസ് (ആറ്), ഷഹീന്‍ ഷാ അഫ്രീഡി (0), ഫാഹിം അഷ്‌റാഫ് (0), ഹാരിസ് റൗഫ് (ആറ്) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി.

മൂന്ന് ഓവര്‍ എറിഞ്ഞ ശിവം ദുബെ 23 റണ്‍ വഴങ്ങിയെങ്കിലും വിക്കറ്റെടുക്കാനായില്ല. ഒരോവറില്‍ ഒന്‍പത് റണ്‍ വഴങ്ങിയ തിലക് വര്‍മയ്ക്കും വിക്കറ്റെടുക്കാനായില്ല. കുല്‍ദീപ് യാദവ് നാല് ഓവറില്‍ 30 റണ്‍ വഴങ്ങിയാണു നാലു പേരെ പുറത്താക്കിയത്. ഇന്ത്യ പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങിനെയിറക്കി. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ജസ്പ്രീത് ബുംറയും ശിവം ദുബെയും തിരിച്ചെത്തി. അതോടെ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും പുറത്തായി. പാകിസ്താന്‍ ടീം മാറ്റമില്ലാതെയാണു കളിച്ചത്. 41 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നത്. ഇന്ത്യ ഏഷ്യാ കപ്പില്‍ ഒന്‍പത് കിരീടങ്ങള്‍ നേടി. പാകിസ്താന്‍ രണ്ടു തവണയാണു ജേതാക്കളായത്. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. കനത്ത സുരക്ഷയിലും നിയന്ത്രണങ്ങളിലുമാണു ഫൈനലിന് ഒരുക്കിയത്.

Ads by Google
Sunday 28 Sep 2025 10.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google