ചെന്നൈ : തമിഴ്‌നാട്ടിലെ മധുര തിരുമംഗലം ഐ.ടി.ഐയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമായ റാഗിംഗ് പീഡനം. മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 18-ന് നടന്ന സംഭവം മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുറംലോകം അറിയുന്നത്.
കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ചെരുപ്പുകൊണ്ട് അടിക്കുന്നതുള്‍പ്പെടെയുള്ള പീഡനങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. സംഭവം പുറത്തായതിനെ തുടര്‍ന്ന് പീഡനത്തിനിരയായ വിദ്യാര്‍ഥിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.
പോലീസ് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹോസ്റ്റലില്‍ റാഗിംഗ് പതിവായി നടന്നിരുന്നതായും മറ്റ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും തളര്‍ത്തുന്ന ഇത്തരം പ്രവൃത്തികള്‍ തടയുന്നതില്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.