തിരുവനന്തപുരം: സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും ഇതില്‍ ഹൈക്കോടതിയുടെ വിമര്‍ശനവും ഇന്ന് നിയമസഭയില്‍ വലിയ ചര്‍ച്ചയായി മാറിയേക്കും. സ്വര്‍ണ്ണപ്പാളി ഉള്‍പ്പെട്ട ലോഹത്തിന്റെ ഭാരം നാലര കിലോഗ്രാം കുറഞ്ഞത് മനഃപ്പൂര്‍വ്വം നടത്തിയ തിരിമറിയാകാമെന്ന് നേരത്തേ ഹൈക്കോടതി വിലയിരുത്തിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഇന്ന് പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചേക്കും.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളിലെ തൂക്കക്കുറവില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. 2019 ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ, ഭരണതലത്തില്‍ ഉണ്ടായ ഗുരുതര വീഴ്ച്ചയുണ്ടായെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസം പമ്പാതീരത്ത് നടക്കാനിരിക്കുന്ന അയ്യപ്പസംഗമവും സഭയെ പ്രക്ഷുബ്ദ്ധമാക്കിയേക്കും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാട് ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും.
കഴിഞ്ഞമൂന്ന് ദിവസവും പ്രതിപക്ഷം ഉന്നയിച്ച അടിയന്തിര പ്രമേയ നോട്ടീസ് സഭ സ്വീകരിക്കുകയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുകയുമുണ്ടായി. ആദ്യദിവസം പോലീസ് കസ്റ്റഡി മര്‍ദ്ദനവും രണ്ടാം ദിവസം മസ്തിഷ്‌ക്ക ജ്വരവുമായി ബന്ധപ്പെട്ട വിഷയവും മൂന്നാംദിവസം വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ശബരിമല വിഷയവും ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ വീഴ്ചയും ചര്‍ച്ചയാക്കുന്നത്.
ഇന്നലെ കെഎഎസ് യു മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യമായ പ്രകോപനം ഉണ്ടായെന്നാണ് പ്രതിപക്ഷ ആരോപണം. അതിനിടയില്‍ കുന്നംകുളത്തെ പോലീസ് മര്‍ദ്ദനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുകയാണ്.