ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന അമേരിക്കന്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് സെബി. ഓഹരി ഉടമകളുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പിനെതിരെ ഒരുതരത്തിലുള്ള ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നും സെബി വ്യക്തമാക്കി. ഇതോടെ കമ്പനിക്കെതിരെ നടപടികള്‍ അവസാനിപ്പിക്കും.
2023 ജനുവരിയിലാണ് ഇന്ത്യന്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ ഞെട്ടിച്ച് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. വിദേശത്ത് കടലാസ് കമ്പനികള്‍ രൂപീകരിച്ച്, അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു മുഖ്യ ആരോപണം. ഇങ്ങനെ പെരുപ്പിച്ച വിലയുള്ള ഓഹരികള്‍ ഈടുവച്ച് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു.