കൊച്ചി: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റപ്പണിക്കായി മുമ്പ് ചെന്നൈയിലെത്തിച്ചപ്പോള്‍ നാലര കിലോയോളം ഭാരം കുറഞ്ഞത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറോട് കോടതി നിര്‍ദേശിച്ചു.
അന്വേഷണത്തിന് എല്ലാ സഹായവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കണം. സത്യം പുറത്തുവരട്ടെയെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ദ്വാരപാലകശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയ ആവരണം വഴിപാടായി സമര്‍പ്പിച്ച ബംഗളുരു സ്വദേശി ഉണ്ണിക്കൃഷക്കണന്‍ പോറ്റിയുടെ അഭ്യര്‍ഥനപ്രകാരം 2019-ല്‍ ഇവ ഗോള്‍ഡ് പ്ലേറ്റിങ്ങിനായി ചെന്നൈയിലേക്കു കൊണ്ടുപോയി.
പാളികള്‍ ഇളക്കിയെടുക്കുമ്പോള്‍ മറ്റ് ഉദ്യോഗസ്ഥരെല്ലാം ഉണ്ടായിരുന്നെങ്കിലും വിജിലന്‍സ് ഓഫീസര്‍ ഉണ്ടായിരുന്നില്ല. ഇളക്കിയെടുത്ത 12 കഷണങ്ങള്‍ക്ക് 25.400 കിലോഗ്രാമായിരുന്നു ഭാരം. 17.400 കിലോഗ്രാം പീഠം ഉള്‍പ്പെടെ ആകെ 42.800 കിലോഗ്രാം. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി ഒരുമാസത്തിനുശേഷം, ഗോള്‍ഡ് പ്ലേറ്റിങ് നടത്തുന്ന ചെന്നൈയിലെ സ്ഥാപനത്തില്‍ എത്തിച്ച് തൂക്കിനോക്കിയപ്പോള്‍ ഭാരം 38.258 കിലോഗ്രാം. 4.14 കിലോഗ്രാം കുറവ്. ഗോള്‍ഡ് പ്ലേറ്റിങ് നടത്തിയശേഷമുള്ള തൂക്കം 38.653 കിലോഗ്രാം. വ്യത്യാസം 394 ഗ്രാം. എന്നാല്‍, ശില്‍പ്പങ്ങളില്‍ ഇത് ഘടിപ്പിക്കാനായി എത്തിച്ചപ്പോള്‍ ഭാരം എത്രയെന്നു രേഖപ്പെടുത്തിയിരുന്നില്ലെന്നു കോടതി കണ്ടെത്തി.
1999-ല്‍ത്തന്നെ സ്വര്‍ണം പൂശിയ ദ്വാരപാലകശില്‍പ്പങ്ങള്‍ ശ്രീകോവിലിന്റെ വശങ്ങളില്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയതായി രേഖയുണ്ടെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, 2019-ല്‍ ശില്‍പ്പങ്ങള്‍ ഗോള്‍ഡ് പ്ലേറ്റിങ് നടത്തിത്തരാമെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറിയിച്ചതനുസരിച്ച് ചെമ്പ് പ്ലേറ്റുകള്‍ അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയെന്നാണ് രേഖകളില്‍ കാണുന്നതെന്ന് കോടതി ഇന്നലെ ആവര്‍ത്തിച്ചു.
സ്ട്രോങ് റൂമിലുള്ള ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ വിട്ടുതന്നാല്‍ അവയില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നും ചെലവ് കുറയക്കക്കാമെന്നും ചൂണ്ടിക്കാട്ടി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡിന് ഇ-മെയില്‍ അയച്ചിരുന്നു. അങ്ങനെയൊരു ശില്‍പ്പം സ്ട്രോങ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും വിജിലന്‍സ് ഓഫീസറോട് കോടതി നിര്‍ദേശിച്ചു.
1999-ല്‍ പരമ്പരാഗതരീതിയില്‍ സ്വര്‍ണം പൂശാന്‍ എത്ര സ്വര്‍ണം ഉപയോഗിച്ചെന്നും ഏത് സാഹചര്യത്തിലാണ് 2019-ല്‍ വീണ്ടും ഗോള്‍ഡ് പ്ലേറ്റിങ്ങിനായി കൊണ്ടുപോയതെന്നതിലും കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ച ഗോള്‍ഡ് പ്ലേറ്റ് ചെയ്ത ചെമ്പുപാളികള്‍ പണി പൂര്‍ത്തിയാക്കി വേഗത്തില്‍ തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ശബരിമല സ്പെഷല്‍ കമ്മിഷണറെ അറിയിക്കാതെയും തങ്ങളുടെ അനുമതി ഇല്ലാതെയും സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോയതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.