Sunday, March 22, 2026 Last Updated 11 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 11.37 AM

ഗാസ നഗരത്തില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു ; മനുഷ്യര്‍ ടെന്റ് കെട്ടി താമസിക്കുന്നത് വിസര്‍ജ്ജ്യത്തില്‍

uploads/news/2025/09/801353/gaza.gif

ജറുസലേം: തകര്‍ന്നടിഞ്ഞ നഗരത്തെ പൂര്‍ണമായും കീഴടക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ ഗാസ നഗരത്തില്‍ ആക്രമണം ആരംഭിച്ചു. ഇതോടെ ആയിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ കിടക്കകളും മറ്റു സാധനങ്ങളും വാഹനങ്ങളില്‍ കെട്ടിവെച്ച് പലായനം ചെയ്യുകയാണ്. ഹമാസിന്റെ പോരാട്ട ശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യം.

ഏകദേശം രണ്ട് വര്‍ഷം നീണ്ട യുദ്ധത്തില്‍ ഒരു വെടിനിര്‍ത്തല്‍ സാധ്യതയെ ഇല്ലാതാക്കുന്നതാണ് ഓപ്പറേഷന്‍. എത്ര സമയം എടുക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇത് മാസങ്ങള്‍ നീണ്ടേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ സൂചിപ്പിച്ചു. നഗരത്തില്‍ കനത്ത ബോംബാക്രമണങ്ങളും ഉണ്ടായതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം നഗരത്തിന്റെ ഉള്ളിലേക്ക് കടന്നു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ നിയോഗിച്ച സ്വതന്ത്ര വിദഗ്ദ്ധര്‍, ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുകയാണെന്ന് ആരോപിച്ചു. ഈ റിപ്പോര്‍ട്ട് 'വസ്തുതാവിരുദ്ധവും തെറ്റാണെന്നും' ആരോപിച്ച് ഇസ്രായേല്‍ ഈ ആരോപണം തള്ളി. പുതിയ ആക്രമണത്തിനിടയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അമേരിക്ക സന്ദര്‍ശിക്കാനുള്ള ക്ഷണം ലഭിച്ചു. സെപ്റ്റംബര്‍ 29-ന് യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്ത ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായി നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞു.

യുദ്ധത്തിനിടയില്‍ ഇസ്രായേല്‍ സൈന്യം ഗാസ സിറ്റിയില്‍ പലതവണ വലിയ തോതിലുള്ള റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. അത് വ്യാപകമായ പലായനത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കും കാരണമായി. ഈ തവണ, ഇസ്രായേല്‍ നഗരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശം ഇപ്പോള്‍ കടുത്ത ക്ഷാമം നേരിടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഇസ്രായേല്‍ സൈന്യം വിശ്വസിക്കുന്നത് ഗാസ സിറ്റിയില്‍ 2,000 മുതല്‍ 3,000 വരെ ഹമാസ് തീവ്രവാദികളുണ്ടെന്നും തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ്. ഹമാസിന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞെന്നും എന്നാല്‍ ചെറിയ സംഘങ്ങളായി ഒളിപ്പോര് രീതിയിലുള്ള ആക്രമണങ്ങള്‍ ഇവര്‍ നടത്തുകയാണെന്നും സൈനിക ഔട്ട്പോസ്റ്റുകളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയോ ആക്രമിക്കുകയോ ചെയ്ത ശേഷം ഇവര്‍ പിന്‍വാങ്ങുകയും ചെയ്യുന്നതായിട്ടാണ്.

ഗാസ സിറ്റിയിലെ പല കുടുംബങ്ങളും പട്ടിണിയിലാണ്. ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതും വ്യാപകമാണ്. പാലായനം ചെയ്യുന്നവര്‍ക്ക് ട്രക്കുകളും വന്‍തുക ഈടാക്കുന്നു. 1000 ഡോളറുകള്‍ വരെ ചോദിക്കുന്നതായി വിവരമുണ്ട്. പലരും വസ്ത്രങ്ങള്‍ മാത്രമെടുത്താണ് പോകുന്നത്. ഇവര്‍ ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടാരങ്ങള്‍ കെട്ടി താമസിക്കുന്നു. പോകാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ അവര്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ക്കിടയിലാണ് ഉറങ്ങുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

മുമ്പ് ഏകദേശം 10 ലക്ഷം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ താമസിച്ചിരുന്നു, എന്നാല്‍ 3,50,000 ആളുകള്‍ നഗരം വിട്ടുപോയെന്ന് ഇസ്രായേല്‍ സൈന്യം കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് കഴിഞ്ഞ മാസം 2,20,000-ത്തിലധികം പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു. പക്ഷേ ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും അവിടെയുണ്ട്.

Ads by Google
Wednesday 17 Sep 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google