Sunday, March 22, 2026 Last Updated 47 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Sep 2025 12.09 PM

വോട്ടര്‍പട്ടിക പരിഷ്‌ക്കരണം രാജ്യവ്യാപകമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ജനുവരി 1 ന് മുമ്പ് നടപ്പാക്കും

uploads/news/2025/09/800634/election-voters-list.jpg

ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന വോട്ടര്‍പട്ടിക പരിഷ്‌ക്കരണം (എസ്‌ഐആര്‍) രാജ്യത്തുടനീളമായി നടപ്പിലാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യത്തില്‍ സംശയം പരിഹരിക്കുന്ന വിധത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. ബീഹാറില്‍ ഇപ്പോള്‍ തന്നെ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ വലിയ വിമര്‍ശനം വിളിച്ചു വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇന്‍ഡ്യാസഖ്യം ഇതിനെതിരേ വലിയ പ്രതിഷേധവുമായി എത്തിയേക്കുമെന്നാണ് കരുതുന്നത്.

എസ്‌ഐആറുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കഴിഞ്ഞ മാസം 10 ന് ഡല്‍ഹിയില്‍ ഇലക്ടറല്‍ ഓഫീസര്‍മാരുടെ ഒരു യോഗം ചേര്‍ന്നിരുന്നു. ഇതില്‍ എല്ലാ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കാന്‍ തീരുമാനവും എടുത്തിരുന്നു.

കേരളവും ബംഗാളും അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരിഷ്‌ക്കരിച്ച വോട്ടര്‍പട്ടിക 2026 ജനുവരി ഒന്നിന് മുമ്പായി നടപ്പിലാക്കണമെന്നാണ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വോട്ടര്‍പട്ടികാ പരിഷ്‌ക്കരണത്തിന് ഉപയോഗിക്കപ്പെടാവുന്ന രേഖകളില്‍ പന്ത്രണ്ടാമത്തെ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് നേരത്തേ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അടുത്തവര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലായി തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ അതിന് മുമ്പായി പരിഷ്‌ക്കരിച്ച വോട്ടര്‍പട്ടിക കൊണ്ടുവരാനാണ് നീക്കം.

അതേസമയം എസ്‌ഐആറിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള ഇന്‍ഡ്യമുന്നണിയിലെ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ എടുത്ത് നടത്തേണ്ട ഒരു പ്രക്രിയ മൂന്നോ നാലോ മാസം കൊണ്ട് എങ്ങിനെ കുറ്റമറ്റതായി ചെയ്യാനാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇത്തരമൊരു പരിപാടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരുന്നത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താന്‍ വേണ്ടിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്ഷേപം. ഇന്‍ഡ്യാ മുന്നണിയും എസ്‌ഐആറിനെതിരേ രാജ്യവ്യാപക പ്രതിഷേധം കൊണ്ടുവരാനാണ് നീക്കം. ബീഹാര്‍ മാതൃകയില്‍ രാജ്യമാകെ പ്രതിഷേധ പരിപാടി നടത്താനാണ് ആലോചന.

Ads by Google
Saturday 13 Sep 2025 12.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google