മലപ്പുറം: പലവിധ കമ്പനികള്‍ രൂപവത്കരിച്ച് നിക്ഷേപം സ്വീകരിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ സ്വന്തം പ്രവര്‍ത്തകരെ വഞ്ചിച്ചാണ് സാമ്പത്തികത്തട്ടിപ്പ് നടത്തുന്നതെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് കുടുംബത്തെ ഉപയോഗിച്ചാണ് പണം ഉണ്ടാക്കുന്നതെന്നും ഇത്തരം കറക്കു കമ്പനികളുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പാണക്കാട് കുടുംബാംഗങ്ങള്‍ രാജിവെക്കണമെന്നും പരാതിയുമായെത്തുന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ് തട്ടിപ്പുകര്‍ ചെയ്യുന്നതെന്നും പറഞ്ഞു.
സിപിഐഎം മലപ്പുറത്ത് നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ജലീല്‍. കടലാസ് കമ്പനികള്‍ രൂപവത്കരിച്ച് ഹവാലയും റിവേഴ്സ് ഹവാലയുമാണ് നടത്തുന്നതെന്നും പറഞ്ഞു. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ ആരോപണങ്ങള്‍ കെ ടി ജലീല്‍ തുടര്‍ന്നു. ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അടുത്തദിവസം പുറത്തുവിടുമെന്നും പറഞ്ഞു. സാമ്പത്തികത്തട്ടിപ്പ് നടത്തുന്നതിനെതിരെ് മതസംഘടനകള്‍ ലീഗിനെ ഉപദേശിക്കേണ്ടതെന്നും ജലീല്‍ പറഞ്ഞു.
അതിനിടയില്‍ മലപ്പുറത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പി.കെ. ഫിറോസ് കെ ടി ജലീലിനെ വെല്ലുവിളിച്ചിരുന്നു. സിബിഐയില്‍ പരാതി കൊടുത്താലും രോമത്തിന് പോറല്‍ ഏല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെപ്പിച്ച സീസണ്‍ വണ്ണിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്ന സീസണ്‍ ടു നാളെ യൂത്ത് ലീഗ് ആരംഭിക്കുമെന്നും പറഞ്ഞു. മലപ്പുറം പൂക്കോട്ടൂര്‍ യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ ഫിറോസ്. അങ്ങാടിയില്‍ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അല്‍പ്പനെ കാണുകയാണ്. ഒരു ലീഗ് പ്രവര്‍ത്തകന്റെയും ദേഹത്ത് മണ്ണിടാന്‍ കഴിയില്ല എന്നത് ആത്മവിശ്വാസമാണെന്നും പി കെ ഫിറോസ് പറഞ്ഞു.
നാളെ 3 മണിക്ക് പി കെ ഫിറോസും യൂത്ത് ലീഗ് ഭാരവാഹികളും മലയാളം സര്‍വകലാശാലക്കായി ഏറ്റെടുത്ത തിരൂരിലെ ഭൂമി സന്ദര്‍ശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സര്‍വ്വകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതില്‍ കെ ടി ജലീല്‍ വ്യാപക അഴിമതി നടത്തിയതായി നേരത്തെ പി കെ ഫിറോസ് ആരോപിച്ചിരുന്നു. വിവാദം സജീവമാക്കാനാണ് യൂത്ത് ലീഗ് നീക്കം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെ ടി ജലീലും പികെ ഫിറോസും തമ്മിലുള്ള പരസ്യപ്പോര് മുറുകുകയാണ്. കടുത്ത ആരോപണപ്രത്യാരോപണങ്ങളാണ് നടത്തുന്നത്.