തിരുവനന്തപുരം: വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പിപി തങ്കച്ചന്‍ തനിത്തങ്കമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റില്‍ തുടങ്ങി ഡിസിസി അധ്യക്ഷനും നിയമസഭാംഗവും മന്ത്രിയും സ്പീക്കറും കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറുമായി, അദ്ദേഹം കയറിവന്ന ഓരോ പടവുകളും രാഷ്ട്രീയ നേതാവെന്ന നിലയില്‍ കഴിവുകള്‍ക്കുള്ള അംഗീകാരമായിരുന്നു. എല്ലാവരെയും കൂട്ടിയിണക്കിക്കൊണ്ട് പോകുന്ന ഒരു പ്രത്യേക വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. ചുറ്റുമുള്ള എല്ലാവരെയും സ്നേഹിക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തിരുന്ന ജനപ്രതിനിധിയും രാഷ്ട്രീയ നേതാവുമായിരുന്നു.
നിസ്വാര്‍ഥവും ആത്മാര്‍ഥവുമായ പൊതുപ്രവര്‍ത്തനത്തിന്റെ പര്യായമായിരുന്നു തങ്കച്ചന്‍. അധികാരം ദൈവാനുഗ്രഹമെന്നു വിശ്വസിച്ചിരുന്ന ഒരാള്‍. സ്ഥാനമാനങ്ങളില്‍ ഒരിക്കലും അഹങ്കരിക്കരുതെന്ന തോന്നലുണ്ടാക്കിയ ഒരാള്‍. കിട്ടിയ അവസരം മനുഷ്യര്‍ക്ക് ഉപകാരം ചെയ്യാന്‍ ഉപയോഗിക്കണമെന്ന നിഷ്‌കര്‍ഷ ഉണ്ടായിരുന്ന ഒരാള്‍. ആര്‍ക്കെങ്കിലും ഉപകാരം ചെയ്യാനായില്ലെങ്കിലും അവരെ ഉപദ്രവിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഒരാള്‍. ഇതൊക്കെയായിരുന്നു പി.പി തങ്കച്ചന്‍ എന്ന മനുഷ്യസ്‌നേഹിയും നിഷ്‌കളങ്കനുമായ പൊതുപ്രവര്‍ത്തനും. തങ്കം പോലൊരു തങ്കച്ചന്‍ പെരുമ്പാവൂരിന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍ പലവട്ടം കേട്ട മുദ്രാവാക്യം പോലെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പി.പി തങ്കച്ചന്‍ തനിതങ്കമായിരുന്നു.