Sunday, March 22, 2026 Last Updated 48 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 01.26 PM

ഇന്ത്യാ - പാക് ക്രിക്കറ്റ്മത്സരം തടയണമെന്ന് ആവശ്യം ; ഹര്‍ജി അടിയന്തിരമായി പരിഗണിക്കാതെ സുപ്രീംകോടതി

uploads/news/2025/09/800343/india-pakisthan.jpg

ന്യൂഡല്‍ഹി: ഏഷ്യാക്കപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ - പാകിസ്താന്‍ ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ത്തി സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ കൂട്ടാക്കാതെ സുപ്രീംകോടതി. അതൊരു മത്സരമാണെന്നും അതില്‍ എന്താണ് ഇത്ര അടിയന്തര ആവശ്യമെന്നും അത് നടക്കട്ടെയെന്നും ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ സെപ്റ്റംബര്‍ 14 നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. കേസ് വെള്ളിയാഴ്ച ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനോട് ''എന്താണ് അടിയന്തര ആവശ്യം? ഇതൊരു മത്സരമാണ്, അങ്ങനെയാകട്ടെ'' എന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. മത്സരം ഞായറാഴ്ചയാണെന്നും ഉടന്‍ വാദം കേട്ടില്ലെങ്കില്‍ ഹര്‍ജി ഫലശൂന്യമാകുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ ഞായറാഴ്ചയാണ് മത്സരം അതിനെക്കുറിച്ച് നമുക്ക് എന്തുചെയ്യാന്‍ കഴിയും. അത് അതിന്റെ വഴിക്ക് പോകട്ടെയെന്നും മത്സരം നടക്കട്ടെ എന്നും പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും തൊട്ടുപിന്നാലെ, ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നത് 'ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമാണ്.' എന്നും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സായുധ സേനകളുടെയും സാധാരണക്കാരുടെയും ത്യാഗങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ഹര്‍ജി സമര്‍പ്പിച്ച നാല് നിയമ വിദ്യാര്‍ത്ഥികള്‍ വാദിച്ചു.

'പാകിസ്ഥാനുമായി കളിക്കുന്നത് വിപരീത സന്ദേശം നല്‍കുന്നു - നമ്മുടെ സൈനികര്‍ ജീവന്‍ ബലിയര്‍പ്പിക്കുമ്പോള്‍, അതേ രാജ്യം തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നതിനൊപ്പം നമ്മള്‍ കായിക വിനോദങ്ങള്‍ ആഘോഷിക്കുകയാണ്. ഇരകളുടെ കുടുംബങ്ങളുടെ വികാരങ്ങളെയും ഇത് വ്രണപ്പെടുത്തും. വിനോദത്തിന് മുമ്പായി രാജ്യത്തിന്റെ അന്തസ്സും പൗരന്മാരുടെ സുരക്ഷയും വരുന്നു,' ഹര്‍ജിയില്‍ പറയുന്നു. ക്രിക്കറ്റിനെ ദേശീയ താല്‍പ്പര്യത്തിനോ പൗര സുരക്ഷയ്ക്കോ സായുധ സേനാംഗങ്ങളുടെ ത്യാഗത്തിനോ മുകളില്‍ വയ്ക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വാദിച്ചു. ഷെഡ്യൂള്‍ ചെയ്ത മത്സരം തുടരുന്നത് 'രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും സമഗ്രതയ്ക്കും മനോവീര്യത്തിനും ഹാനികരമാണെന്ന്' അവര്‍ വാദിച്ചു. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, 2025 ലെ ദേശീയ കായിക ഭരണ നിയമം നടപ്പിലാക്കാന്‍ യുവജനകാര്യ മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കണമെന്നും അംഗീകൃത ദേശീയ കായിക ഫെഡറേഷന്റെ പരിധിയില്‍ 'സീസണ്‍ ബോള്‍' ക്രിക്കറ്റിനെ കൊണ്ടുവരണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രതിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) കായിക മന്ത്രാലയത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് അവര്‍ പറഞ്ഞു. 'ബിസിസിഐയെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2025 ലെ ദേശീയ കായിക ഭരണ നിയമം നടപ്പിലാക്കിക്കഴിഞ്ഞാല്‍, ബിസിസിഐ ആ നിയമപ്രകാരം രൂപീകരിച്ച ദേശീയ കായിക ബോര്‍ഡിന് കീഴില്‍ വരേണ്ടിവരും,' ഉര്‍വശി ജെയിനിന്റെ നേതൃത്വത്തിലുള്ള ഹര്‍ജിക്കാര്‍ പറഞ്ഞു.

Ads by Google
Thursday 11 Sep 2025 01.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google