ന്യൂഡല്‍ഹി: ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് എത്തുമ്പോള്‍ പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി ശശിതരൂരിന്റെ പ്രതികരണം. ചൈനയുമായി ഉണ്ടാക്കിയിട്ടുള്ള പുതിയ ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കേന്ദ്രത്തെ ഗല്‍വാന്‍ ഏറ്റുമുട്ടല്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചുകൊണ്ടിരിക്കെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഇന്ത്യാ-ചൈനാ ബന്ധത്തെ പുകഴ്ത്തി ശശി തരൂര്‍.
മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച മൂല്യവത്തായ ഒന്നിനെ അടയാളപ്പെടുത്തിയെന്നാണ് ശശി തരൂരിന്റെ പ്രശംസ. 'ചിന്ത്യയുടെ മടങ്ങിവരവ്' എന്ന തലക്കെട്ടില്‍ ഇംഗ്ലീഷ് മാധ്യമത്തിലെ ലേഖനത്തിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. അവ്യക്തമായി തുടരുന്ന ഒരു തത്വത്തിന്റെ പുനഃസ്ഥാപനമാണ് മോദി-ഷി സംഭാഷണത്തിന്റെ കാതല്‍. ചൈനയുടെ നീക്കങ്ങള്‍ വെറും അവസരവാദപരമല്ല. ചിന്ത്യയുടെ ആത്മാവ് ഒരിക്കല്‍ കൂടി ഉണര്‍ന്നിരിക്കുന്നതായി തോന്നുന്നുവെന്നും തരൂര്‍ പറഞ്ഞു.
ഗാല്‍വാന്‍ സംഘര്‍ഷം ഉയര്‍ത്തി ഇന്ത്യ-ചൈന ചര്‍ച്ചകളെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രശംസ. നേരത്തേ ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് കൂടിക്കാഴ്ച നടന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നായിരുന്നു ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷം ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.