Sunday, March 22, 2026 Last Updated 10 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 10.47 AM

നേപ്പാളില്‍ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം ; സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ട് പോലീസും

uploads/news/2025/09/800128/nepal-protest.jpg

കാഠ്മണ്ഡു: നേപ്പാളില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഒലി രാജിവെച്ചതിന് പിന്നാലെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം. കാഠ്മണ്ഡു വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സൈന്യം നിയന്ത്രണത്തിലാക്കി. പ്രതിഷേധക്കാര്‍ വീടുകള്‍ അഗ്നിക്കിരയാക്കിയ പ്രധാന ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന സിംഗ് ദര്‍ബാറും നിയന്ത്രണത്തിലാണ്. ഇവിടെ നിന്നെല്ലാം പ്രതിഷേധക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം പശുപതിനാഥ് ക്ഷേത്രത്തിനും സൈന്യം സുരക്ഷ നല്‍കുകയാണ്. ഇതിന്റെ ഗേറ്റ് പ്രതിഷേധക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു.

രാജ്യത്തിന്റെ സുരക്ഷ ഏറ്റെടുക്കുകയാണെന്ന് ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് സൈന്യം വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം ചില ഗ്രൂപ്പുകള്‍ മുതലെടുക്കുകയാണെന്നും സാധാരണ പൗരന്മാര്‍ക്കും പൊതുസമൂഹത്തിനും ഇവര്‍ പ്രശ്‌നമുണ്ടാക്കുന്നതായും നേരത്തേ പബ്‌ളിക് റിലേഷന്‍ ആന്റ് ഇന്‍ഫൊര്‍മേഷന്‍ ഡയറക്‌ട്രേറ്റ് പ്രസ്താവന ഇറക്കിയിരുന്നു. പോലീസും സമാധാനം പാലിക്കാന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ സെക്രട്ടേറിയറ്റില്‍ നിന്നുള്ള വാര്‍ത്താകുറിപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ഉത്തരവാദിത്തത്തോടെ സംഭാവന നല്‍കാന്‍ പോലീസ് എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു. 'പരസ്പര ധാരണയിലൂടെയും സമാധാനപരമായ സഹകരണത്തിലൂടെയും, സുരക്ഷയും വിശ്വാസവും നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് നേപ്പാള്‍ പോലീസ് പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

പൊതു സുരക്ഷ സംരക്ഷിക്കുന്നതിനും, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും, നിയമവും ക്രമവും ഉയര്‍ത്തിപ്പിടിക്കുന്നതിനും പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും, ഈ ദൗത്യത്തില്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും പോലീസ് ഉറപ്പുനല്‍കി. പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനവും അഴിമതിക്കെതിരായ ജനങ്ങളുടെ രോഷവും കാരണം നേപ്പാളില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കെ.പി. ശര്‍മ ഒലി ചൊവ്വാഴ്ച നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് മാരകശക്തി ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചെങ്കിലും, രണ്ടാം ദിവസവും പ്രതിഷേധങ്ങള്‍ ശക്തമായി. പ്രതിഷേധക്കാര്‍ നേപ്പാളി നേതാക്കളെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെ അക്രമസംഭവങ്ങള്‍ 'മനസ്സുലയ്ക്കുന്നതാണ്' എന്ന് വിശേഷിപ്പിക്കുകയും, യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി നേപ്പാളിലെ സംഭവവികാസങ്ങള്‍ വിലയിരുത്തിയതായി മോദി എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു. 'നേപ്പാളിന്റെ സ്ഥിരതയും, സമാധാനവും, സമൃദ്ധിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്' എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ പിന്തുണ നല്‍കണമെന്ന് നേപ്പാളിലെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Ads by Google
Wednesday 10 Sep 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google