Sunday, March 22, 2026 Last Updated 3 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 08.50 AM

മോദിയുമായി ഒരു പ്രശ്‌നമില്ല ; ഇന്ത്യയുമായുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുമെന്ന് ട്രംപ്

uploads/news/2025/09/800116/TRUMP-AND-MODI.jpg

വാഷിംഗ്ടണ്‍: ഇന്ത്യയുടെ കാര്യത്തില മലക്കംമറിച്ചിലുകള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം താരിഫ് ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യയെ തലോടി വീണ്ടും. യുഎസും ഇന്ത്യയും തമ്മിലുള്ള 'വ്യാപാര തടസ്സങ്ങള്‍' പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചു.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ഇത്തവണയും ട്രംപിന്റെ പ്രഖ്യാപനം. 'ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു. നമ്മുടെ മഹത്തായ രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്!'. അദ്ദേഹം കുറിച്ചു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിനും റഷ്യന്‍ എണ്ണയുടെ വാങ്ങലുകള്‍ക്ക് അധികമായി 25 ശതമാനം പിഴ ചുമത്തിയതിനും പിന്നാലെയാണ് ഈ പ്രഖ്യാപനം. ഈ ആഴ്ച ആദ്യം വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തില്‍ പ്രസിഡന്റ് ട്രംപ്, ഇന്ത്യ-യുഎസ് ബന്ധത്തെ 'വളരെ പ്രത്യേകമായ ഒരു ബന്ധം' എന്ന് വിശേഷിപ്പിക്കുകയും താനും പ്രധാനമന്ത്രി മോദിയും എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്നും 'വിഷമിക്കാന്‍ ഒന്നുമില്ല' എന്നും ഉറപ്പിച്ചു പറഞ്ഞു. എന്നിരുന്നാലും, സമകാലിക സംഭവങ്ങളില്‍ മോദി 'എന്താണ് ചെയ്യുന്നത്' എന്നതിലുള്ള തന്റെ അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചു.

എഎന്‍ഐയുടെ ചോദ്യത്തിന്, 'ഈ ഘട്ടത്തില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ നിങ്ങള്‍ തയ്യാറാണോ?' എന്ന് ചോദിച്ചപ്പോള്‍, യുഎസ് പ്രസിഡന്റ് ട്രംപ് മറുപടി പറഞ്ഞു, 'ഞാന്‍ എപ്പോഴും തയ്യാറാണ്. ഞാന്‍ എപ്പോഴും മോദിയുടെ സുഹൃത്തായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞാന്‍ എപ്പോഴും സുഹൃത്തായി തുടരും, പക്ഷേ ഈ പ്രത്യേക നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. എന്നാല്‍ ഇന്ത്യക്കും അമേരിക്കയ്ക്കും വളരെ പ്രത്യേകമായ ഒരു ബന്ധമുണ്ട്. വിഷമിക്കാന്‍ ഒന്നുമില്ല. ഇടയ്ക്കിടെ ഇത്തരം നിമിഷങ്ങള്‍ ഉണ്ടാകുമെന്നേയുള്ളൂ.' 'ട്രൂത്ത് സോഷ്യലി'ല്‍ താന്‍ കുറിച്ച, 'ഇന്ത്യയെയും റഷ്യയെയും ചൈനയ്ക്ക് നഷ്ടപ്പെടുന്നു' എന്ന പരാമര്‍ശത്തെക്കുറിച്ച് ചോദ്യത്തിന് അങ്ങനെ സംഭവിച്ചതായി താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശനിയാഴ്ച ഊഷ്മളമായി പ്രതികരിച്ചു. യുഎസ് പ്രസിഡന്റിന്റെ വികാരങ്ങളെയും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ള നല്ല വിലയിരുത്തലിനെയും താന്‍ 'വളരെ അഭിനന്ദിക്കുകയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു' എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം 'സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തത്തിന്' വേണ്ടിയുള്ള 'ഭാവി മുന്നില്‍ക്കണ്ടുള്ളതാണ്' എന്ന് എക്സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി മോദി കുറിച്ചു.

Ads by Google
Wednesday 10 Sep 2025 08.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google