ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണമടയുന്നത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ഒരു കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭാവന ചെയ്യുന്നത് ബൈക്ക് യാത്രക്കാരാണ്. 2023-ല്‍ റോഡപകടങ്ങളില്‍ മരിച്ച ഇരുചക്ര വാഹന യാത്രികരുടെ എണ്ണം 45 ശതമാനമാണ്.
ഈ പട്ടികയില്‍ കാറുകളും ടാക്‌സികളും രണ്ടാമതും ട്രക്ക് അപകടങ്ങള്‍ മൂന്നാമതുമാണ്. 'ഇന്ത്യയിലെ റോഡപകടങ്ങള്‍ 2023' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2023-ല്‍ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമായുള്ള നാലിലൊന്ന് മരണവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിയിടികള്‍ മൂലമാണ്. ഇത് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് വര്‍ധിച്ചുവരുന്ന അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഈ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ്. 27,539 യാത്രികരാണ് ഇത്തരം അപകടങ്ങളില്‍ മരിച്ചത്. കൂടുതല്‍ ബൈക്ക് യാത്രികര്‍ മരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടാണ് ഒന്നാമത്. ഇവിടെ 1,796 കാല്‍നടയാത്രക്കാരും 5,906 ഇരുചക്രവാഹന യാത്രികരും മരിച്ചു. അതേസമയം, 2023-ല്‍ പശ്ചിമ ബംഗാളില്‍ 938 കാല്‍നടയാത്രക്കാരും ബിഹാറില്‍ 865-ഉം കര്‍ണാടകയില്‍ 787-ഉം മഹാരാഷ്ട്രയില്‍ 747-ഉം പേര്‍ മരിച്ചു.
ഇരുചക്രവാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഏറ്റവും കൂടുതല്‍ യാത്രികര്‍ മരിച്ച സംസ്ഥാനങ്ങളെയും റിപ്പോര്‍ട്ട് തിരിച്ചറിയുന്നു. മധ്യപ്രദേശില്‍ 2,916 മരണങ്ങളും മഹാരാഷ്ട്രയില്‍ 2,646-ഉം ഉത്തര്‍പ്രദേശില്‍ 2,279-ഉം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് വാഹനങ്ങളുമായുള്ള കൂട്ടിയിടിയിലും ഇരുചക്രവാഹന യാത്രികര്‍ക്ക് വലിയ അപകടസാധ്യതയുണ്ടെന്ന് ഡാറ്റ അടിവരയിടുന്നു.
ഹെല്‍മറ്റ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഇരുചക്രവാഹന യാത്രക്കാര്‍ക്കായി പ്രത്യേക പാതകള്‍ നിര്‍മിക്കുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ വാദിക്കുന്നു.