വത്തിക്കാൻ സിറ്റി: ഓൺലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച 'ഗോഡ്സ് ഇൻഫ്ലുവൻസർ' എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇതോടെ മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ. 1925-ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റിയെ പർവതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു.
ഇറ്റാലിയൻ ദമ്പതിമാരുടെ മകനായി ലണ്ടനിൽ ജനിച്ച അക്യുട്ടിസ് മിലാനിലാണ് വളർന്നത്. സ്വയം കമ്പ്യൂട്ടർ കോഡിങ് പഠിച്ചു. 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. 'സൈബർ അപ്പസ്തോലൻ' എന്നാണ് അക്യുട്ടിസിനെ വിശേഷിപ്പിക്കുന്നത്. 2006-ൽ പതിനഞ്ചാം വയസ്സിൽ രക്താർബുദത്തെത്തുടർന്നാണ് അക്യുട്ടിസ് അന്തരിച്ചത്.