Sunday, March 22, 2026 Last Updated 41 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Sep 2025 08.55 AM

പ്രധാനമന്ത്രി മോദി യുഎന്‍ സെഷന്‍ ഒഴിവാക്കും ; എസ് ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

uploads/news/2025/09/799432/modi.jpg

ന്യൂഡല്‍ഹി: അമേരിക്കയുമായുളള നയതന്ത്രബന്ധം വഷളായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിച്ചേക്കില്ല. പുതിയ പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സെപ്റ്റംബര്‍ 27-ന് സംസാരിക്കും. പുതുക്കിയ താല്‍ക്കാലിക പ്രസംഗകരുടെ പട്ടികയിലാണ് ഈ നിര്‍ദേശം.

ജൂലൈയില്‍ ഇറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 26-ന് പ്രസംഗിക്കുമെന്നാണ് അറിയിച്ചിരുന്നത്. പൊതുസമ്മേളനത്തിലെ പ്രസംഗകരുടെ പട്ടിക താല്‍ക്കാലികമാണ്. പ്രസംഗകരുടെയും തീയതികളിലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പട്ടികയില്‍ തുടര്‍ന്നും മാറ്റങ്ങളുണ്ടായേക്കാം. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ നയതന്ത്ര കാലഘട്ടമായാണ് യുഎന്‍ പൊതുസഭാ സമ്മേളനം കണക്കാക്കുന്നത്. സെപ്റ്റംബര്‍ 9-ന് യുഎന്‍ പൊതുസഭയുടെ 80-ാമത് സമ്മേളനം ആരംഭിക്കും. സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് ഉന്നതതല പൊതുചര്‍ച്ച നടക്കുന്നത്. ബ്രസീലാണ് എപ്പോഴും ആദ്യ പ്രസംഗകന്‍. പിന്നാലെ അമേരിക്കയും പ്രസംഗിക്കും.

സെപ്റ്റംബര്‍ 23-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎന്‍ പൊതുസഭയില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യും. ഇത് അദ്ദേഹത്തിന്റെ രണ്ടാം ഊഴത്തിലെ ആദ്യത്തെ യുഎന്‍ പ്രസംഗമാണ്. ഇസ്രായേല്‍, ചൈന, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്‍മാരും സെപ്റ്റംബര്‍ 26-ന് പൊതുചര്‍ച്ചയില്‍ സംസാരിക്കും. ഇസ്രയേല്‍-ഹമാസ് യുദ്ധവും, യുക്രെയ്ന്‍ സംഘര്‍ഷവും തുടരുന്നതിനിടെ ആണ് ഈ വര്‍ഷത്തെ സമ്മേളനം നടക്കുന്നത്. 'ഒരുമിച്ച് പുരോഗതി: സമാധാനം, വികസനം, മനുഷ്യാവകാശം എന്നിവയ്ക്കായി 80 വര്‍ഷവും അതിലധികവും' എന്നതാണ് 80-ാം സമ്മേളനത്തിന്റെ പ്രമേയം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മോദി അമേരിക്കയില്‍ എത്തി ട്രംപുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നിരുന്നാലും റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ 25 ശതമാനം തീരുവ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് മേല്‍ ട്രംപ് 50 ശതമാനം നികുതി ചുമത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായത്. ഇതിന് പിന്നാലെ ഇന്ത്യ അമേരിക്കയുടെ വലിയ എതിരാളികളായ ചൈനയും റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തു. ഇത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

Ads by Google
Saturday 06 Sep 2025 08.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google